സൗദി പാക്കേജിന് വൻ തുക കൊടുത്തിട്ടും അഭയാർഥികളെപ്പോലെ കഴിയേണ്ടി വരുന്നതായി യാത്രക്കാർ; പ്രവാസികളെ വഞ്ചിച്ച് വീണ്ടും ട്രാവൽ ഏജൻസി
സൗദി പ്രവാസികളുടെ നിസഹായവസ്ഥ മുതലെടുക്കുന്ന ട്രാവൽ ഏജൻസികളുടെ വഞ്ചനാപരമായ സമീപനം തുടർക്കഥയാാകുന്നു.
കഴിഞ്ഞ ദിവസം മാലിദ്വീപിലെത്തിയ യാത്രക്കാരാണു തങ്ങൾക്ക് നേരിട്ട ദുരിതാനുഭവങ്ങൾ അറേബ്യൻ മലയാളിയോട് പങ്ക് വെച്ചത്.
മാലിദ്വീപിൽ വിമാനമിറങ്ങി പുറത്തിറങ്ങിയത് മുതൽ ദുരിതാനുഭവങ്ങൾ ആരംഭിക്കുകയായിരുന്നു. എയർപോർട്ടിൽ ഇറങ്ങിയ ശേഷം മണിക്കൂറുകൾ കഴിഞ്ഞ് ഹോട്ടൽ ഏജൻ്റ് എത്തി ഒരു സ്ഥലത്തേക്ക് മാറ്റി.
അവിടെ മൂന്ന് മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും തുടർന്നും മണിക്കൂറുകൾ എവിടേക്ക് പോകണമെന്ന് അറിയാതെ ഒരു കടൽത്തീരത്ത് നിൽക്കേണ്ടി വരികയും ചെയ്തു.
ശേഷം ഒരാൾ എത്തി ഫെയ്ക്ക് ബുക്കിംഗ് ആണുള്ളതെന്ന് പറഞ്ഞ് പത്ത് പേരെ മടക്കിയയക്കുമെന്ന് പറയുകയും എന്നാൽ യാത്രക്കാർ എല്ലാവരും ഒറ്റക്കെട്ടായി നിന്നതോടെ രണ്ട് പേരെയും മൂന്ന് പേരെയുമെല്ലാമായി ബോട്ടുകളിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു.
ആൾത്താമസമില്ലാത്ത ദ്വീപുകളിൽ എത്തിയ തങ്ങൾക്ക് നേരത്തെ ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്ത താമസസ്ഥലമല്ല നൽകിയിരുന്നതെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. നേരത്ത ട്രാവൽ ഏജൻസി ബുക്കിംഗ് സമയത്ത് നൽകിയ റിസോർട്ടിൻ്റെ അഡ്രസും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിൻ്റെ അഡ്രസുമെല്ലാം യാത്രക്കാർ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.
ചെറു കിട ട്രാവൽസുകാർ വഴി എടപ്പാളിലെ അൽ ഹിന്ദ് ട്രാവൽസിൻ്റെ പാക്കേജ് എടുത്തായിരുന്നു ഇവരിൽ പലരും എത്തിയത്. ഇവർ ബന്ധപ്പെട്ടിരുന്ന ചെറുകിട ട്രാവൽസുമായി അറേബ്യൻ മലയാളി.കോം ബന്ധപ്പെട്ടപ്പോൾ എല്ലാം നൂറു ശതമാനവും പെർഫെക്റ്റ് ആണെന്ന അൽ ഹിന്ദ് എടപ്പാൾ നൽകിയ ഉറപ്പിന്മേലായിരുന്നു തങ്ങൾ യാത്രക്കാരെ അയച്ചതെന്നും ഇത്തരത്തിൽ ഒരു ചതി തങ്ങളും പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് അറിയിച്ചത്.
നിലവിൽ താമസിക്കുന്ന സ്ഥലത്ത് വളരെ ദുരിതപൂർണ്ണമായ അവസ്ഥയാണെന്നും വെള്ളവും എന്തെങ്കിലും ലഘു ഭക്ഷണവും പോലും തങ്ങൾ ഒച്ച വെച്ചതിനു ശേഷമാണു ലഭ്യമായതെന്നും യാത്രക്കാർ പറയുന്നു.
ഒന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ മുടക്കിയിട്ടും അഭയാർത്ഥികളെപ്പോലെ കഴിയേണ്ടി വരുന്നതിൻ്റെ സങ്കടത്തിലാണു ഇപ്പോൾ മേൽപ്പരാമർശിച്ച യാത്രക്കാർ.
വൻ കിട ട്രാവൽ ഏജൻസിയായാലും ചെറു കിട ട്രാവൽ ഏജൻസിയായാലും ഇത്തരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്ന ക്രൂരമായ സമീപനങ്ങളിൽ നിന്ന് ഇനിയെങ്കിലും ട്രാവൽ ഏജൻസികൾ പിന്മാറേണ്ടിയിരിക്കുന്നു. അതോടൊപ്പം ട്രാവൽ ഏജൻസിയുടെ പ്രശസ്തി കണ്ട് മാത്രം ആരും യാത്രക്ക് ബുക്ക് ചെയ്യരുതെന്നും സമീപ ദിനങ്ങളിലെ അനുഭവങ്ങൾ പ്രവാസികളെ ബോധ്യപ്പെടുത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
