മാലിദ്വീപിൽ സൗദി പ്രവാസികൾ കുടുങ്ങാൻ കാരണമെന്ത് ? ഇനിയും പ്രയാസപ്പെടാതിരിക്കാൻ ചെയ്യേണ്ടതെന്ത് ?
മാലിദ്വീപ് വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളിൽ ചിലർ മാലിദ്വീപിലെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയ വാർത്തകൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ മാലിദ്വീപ് വഴി പോകുന്ന പ്രവാസികളും ട്രാവൽ ഏജൻസികളും ഇത്തരം പ്രയാസങ്ങൾ ആവർത്തിക്കാതിരിക്കാനെടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ മാലിദ്വീപിൽ നിന്ന് അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു. പ്രധാനപ്പെട്ട വിവരങ്ങളും നിർദ്ദേശങ്ങളും താഴെ വിവരിക്കുന്നു.
നിലവിൽ മാലിദ്വീപിൽ ടൂറിസ്റ്റുകളുടെ വൻ തിരക്കാണനുഭവപ്പെടുന്നത്. അതിൽ സൗദി പ്രവാസികൾക്ക് പുറമെ മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും ഉൾപ്പെടുന്നുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാലിദ്വീപിലെ ഏത് ഐലൻ്റിലും താമസിക്കാൻ സാധിക്കും.
രണ്ട് ഡോസ് സ്വീകരിക്കാത്തവർക്ക് മാലിദ്വീപിലെ തിരഞ്ഞെടുത്ത ചില ദ്വീപുകളിൽ മാത്രമാണു പ്രവേശനം അനുവദിച്ചിട്ടുള്ളത്. മൊത്തം ജനസംഖ്യയിൽ 60 ശതമാനം വാക്സിനെടുത്തവരും ടൂറിസം റിലേറ്റഡ് സർവീസ് നടത്തുന്നവരിൽ 95 ശതമാനം വാക്സിനെടുത്തവരും 65 വയസ്സിനു മുകളിൽ ഉള്ളവരിൽ 95 ശതമാനം വാാക്സിൻ എടുത്തവരും കഴിയുന്ന ഐലൻ്റിൽ വാക്സിൻ ഫുൾ ഡോസ് എടുക്കാത്ത ടൂറിസ്റ്റുകൾക്കും അവരുടെ ഫാമിലിക്കും കഴിയാം. അത്തരത്തിലുള്ള ദ്വീപുകൾ കണ്ടെത്താൻ https://covid19.health.gov.mv/covid-19-vaccination-coverage-criteria-for-permitting-tourist-arrivals/?c=0 എന്ന ലിങ്കിൽ കയറി പരിശോധിച്ചാൽ മതി.
ഫെയ്ക്ക് ഹോട്ടൽ ബുക്കിംഗ് വൗച്ചർ ഉള്ളതിനാൽ പലരെയും തിരിച്ചയച്ചിട്ടുണ്ടെന്നതിനാൽ ഒരിക്കലും ഫെയ്ക്ക് ഹോട്ടൽ ബുക്കിംഗെടുത്ത് മാലിദ്വീപിലേക്ക് പോകരുത്.
വിമാനമിറങ്ങുന്ന സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചക്ക് മുംബ് മാലിദ്വീപിൽ എത്തുന്ന തരത്തിലുള്ള വിമാന ടിക്കറ്റ് എടുത്താൽ മാത്രമേ ആ ദിവസം പ്രയാസം കൂടാതെ ബുക്ക് ചെയ്ത ഐലൻ്റിൽ എത്താൻ ബോട്ട് ലഭിക്കുകയുള്ളൂ. വൈകുന്നേരം നാലു മണിക്ക് ശേഷം ബോട്ട് സർവീസ് ലഭിക്കാൻ പ്രയാസമായിരിക്കും. ഉച്ചക്ക് ശേഷം വിമാനമിറങ്ങിയതിനു ശേഷം എമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങാൻ വൈകിയാൽ നാലു മണിക്കുള്ള ബോട്ട് ലഭിക്കാൻ പ്രയാസപ്പെടുകയും തുടർന്ന് ആ ദിവസം റിസോർട്ടിൽ എത്താൻ സാധിക്കാതെ വരികയും ചെയ്യും.
അതേ സമയം നാലു മണിക്ക് ശേഷം ബോട്ട് മിസ്സ് ആയാൽ തത്ക്കാലം ആ രാത്രി കഴിയുന്നതിനുള്ള സജ്ജീകരണങ്ങൾ ട്രാവൽ ഏജൻസികൾ ഒരുക്കേണ്ടതുണ്ട്. ശരാശരി ഒരാൾക്ക് മാത്രം ഇതിനു 200 ഡോളറോളം ചിലവ് വരും എന്നോർക്കുക.
വിമാനമിറങ്ങി പല ദ്വീപിലേക്കും ഉള്ള യാത്രകൾ ചിലർക്ക് ആസ്വാദ്യകരമാണെങ്കിലും പലർക്കും അത് പ്രയാസം ഉണ്ടാക്കുന്നതായിരിക്കും. ഒരു മണിക്കൂറിലധികം സമയമെടുത്തെല്ലാം ഉള്ള ബോട്ട് യാത്രകൾക്ക് മാനസികമായി ഒരുങ്ങി വരാൻ തന്നെ ഫാമിലികളോടും മറ്റും ട്രാവൽസുകാർ ആദ്യം ഉണർത്തേണ്ടതുണ്ട്.
അതോടൊപ്പം മാലിദ്വീപ് വഴിയുള്ള യാത്രകൾ മാറ്റി വെക്കാൻ സാധിക്കുന്നവർ നിലവിലെ തിരക്കേറിയ സാഹചര്യത്തിൽ കുറച്ച് ദിവസത്തേക്ക് യാത്ര മാറ്റി വെക്കുന്നതായിരിക്കും ഉചിതം എന്ന് പല ട്രാവൽ ഏജൻസികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa