ഒരാളുടെ വരുമാനത്തിനനുസരിച്ച് ലെവി ഈടാക്കണമെന്ന് സൗദി ശൂറാ കൗൺസിലർ
റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് മേൽ നിർബന്ധമായ ലെവി ഈടാക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത നിർദ്ദേശവുമായി സൗദി ശൂറാ കൗൺസിലർ.
ഒരു മാസം ഒരു വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന വരുമാനത്തിനു ആനുപാതികമായിട്ടാകണം അയാളുടെ മേലുള്ള ലെവി ചുമത്തേണ്ടത് എന്നാണ് സൗദി ശൂറാ മെംബർ ഹസാ അൽ ഖഹ്താനി ആവശ്യപ്പെട്ടത്.
ചെറു കിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് ലെവി വലിയ ഒരു പ്രതിബന്ധമായിട്ടുണ്ടെന്നും ഹസ അൽ ഖഹ്താനി വ്യക്തമാക്കി.
ലെവി ഈടാക്കുന്നത് സംബന്ധിച്ച് മറ്റു ശൂറാ അംഗങ്ങളും വ്യത്യസ്ത അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. കൊറോണ പ്രതിസന്ധിയിൽ നിന്ന് കര കയറുന്നത് വരെ ചെറു കിട സ്ഥാപനങ്ങളുടെ സർക്കാർ ഫീസുകൾ അഞ്ച് വർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി ആവിഷ്കരിക്കണമെന്ന് മറ്റൊരു ശൂറാ മെംബർ ആയ റാഇദ അബൂ നയാൻ അഭിപ്രായപ്പെട്ടിരുന്നു.
സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി കണക്കാക്കുന്നതിനുള്ള ഫലപ്രദാമയ ഒരു രീതി വികസിപ്പിക്കാൻ എകോണമി ആൻ്റ് എനർജി കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
2018 ജനുവരി മുതൽ ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 400 റിയാൽ എന്ന തോതിലായിരുന്നു സൗദി അറേബ്യ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിത്തുടങ്ങിയത്. വിദേശ തൊഴിലാളികളുടെ എണ്ണത്തിനു സമാനമോ അതിലധികമോ വിദേശികളുള്ള സ്ഥാപനങ്ങളിലെ വിദേശികൾക്ക് മാസം 300 റിയാൽ എന്ന രീതിയിലായിരുന്നു ഫീസ്.
തുടർന്ന് 2019 ൽ ഇത് 600 റിയാൽ – 500 റിയാൽ എന്ന തോതിലും 2020 ൽ ഇത് 700-800 എന്ന തോതിലും വർദ്ധിപ്പിക്കുകയും ചെയ്തു.
തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനു മുംബ് ഇഷ്യു ചെയ്യേണ്ട വർക്ക് പെർമിറ്റ് പുതുക്കുന്ന സമയത്താണു ലെവി തുക അടക്കേണ്ടത്.
നിലവിൽ ഒരു വിദേശ തൊഴിലാളിയുടെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കാൻ ഒരു സ്ഥാപനത്തിനു ലെവി ഇനത്തിൽ മാത്രം 9600 റിയാൽ അടക്കണം. ഇതിനു പുറമെ ജവാസാത്ത് ഫീസ് ആയ 650 റിയാലും ഇൻഷൂറൻസ് തുകയും അടക്കേണ്ടതുണ്ട്. 50 ശതമാനം സൗദികളുള്ള സ്ഥാപനമാണെങ്കിൽ 8400 റിയാൽ ലെവിയും ജവാസാത്ത് ഫീസും ഇൻഷൂറൻസും അടക്കണം.
ചെറു കിട സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് വലിയ ഒരു പ്രതിസന്ധി തന്നെയാണെന്നാണു ശൂറ മെംബർമാർ അഭിപ്രായപ്പെട്ടത്. അതോടൊപ്പം വിദേശ തൊഴിലാളികൾക്ക് സാലറി കൂട്ടി നൽകുന്നതിനും ലെവി കാരണം പല തൊഴിലുടമകളും പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ട്.
വിദേശികളുടെ മേലുള്ള ലെവി അടക്കേണ്ടത് കഫീലുമാർ ആണെങ്കിലും പല പ്രവാസികളും കൂലിക്കഫീലുമാർക്ക് കീഴിൽ ജോലി ചെയ്യുന്നതിനാൽ അവർക്കും ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്.
നാട്ടിൽ എത്തി കൊറോണ മൂലം മടക്കയാത്ര മുടങ്ങുകയും ഓട്ടോമാറ്റിക്കായി ഇഖാമ പുതുക്കുന്നതിൽ ഉൾപ്പെടാതിരിക്കുകയും ചെയ്തവർക്ക് കൂലിക്കഫീലിനോട് ഇഖാമ പുതുക്കാൻ ആവശ്യപ്പെടണമെങ്കിൽ തന്നെ 10,000 റിയാലിനു മേൽ സംഘടിപ്പിച്ച് കഫീലിനു നൽകേണ്ട സ്ഥിതിയാണുള്ളത്. അതിനു സാധിക്കാത്ത പലരും മടക്ക യാത്ര തന്നെ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്.
ഇതിനു പുറമെയാണു ഫാമിലി ലെവി. ഒരു കുടുംബാംഗത്തിനു ഇപ്പോൾ പ്രതിമാസം 400 റിയാൽ എന്ന തോതിൽ വർഷത്തിൽ 4800 റിയാൽ അടച്ചാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കുകയുള്ളൂ. ഓരോ അംഗത്തിനും 4800 റിയാൽ വീതം നൽകണം. ഇത് കുടുംബ നാഥൻ തന്നെ നൽകണമെന്ന വ്യവസ്ഥ പല പ്രവാസി കുടുംബങ്ങളുടെയും നാട്ടിലേക്കുള്ള മടക്കയാത്രക്ക് കാരണമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa