Thursday, November 28, 2024
Saudi ArabiaTop Stories

സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലറിൽ ആശങ്കപ്പെടാനില്ല; വസ്തുത ഇതാണ്

കഴിഞ്ഞ ദിവസം സൗദി സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പുതിയ ഒരു സർക്കുലറുമായി ബന്ധപ്പെട്ട് നിരവധി സൗദി പ്രവാസികൾക്ക് വലിയ ആശയക്കുഴപ്പുണ്ടായിട്ടുണ്ട്.

സിവിൽ ഏവിയേഷൻ്റെ നവംബർ 4 നു വിമാനക്കംബനികൾക്ക് അയച്ച, ബലദിയ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ക്വാറൻ്റീൻ പാക്കേജ് എടുത്തവർക്ക് ബോഡിംഗ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള, സർക്കുലറിലെ ഒരു പരാമർശമാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ളത്.

പ്രസ്തുത സർക്കുലറിൽ സൗദിയിലേക്ക് വരുന്ന വർക്ക് വിസ ഉള്ളവർക്കും ഇഖാമയിൽ ആമിൽ പ്രൊഫഷൻ ഉള്ളവർക്കും ബലദിയ അംഗീകാരമുള്ള ക്വാറൻ്റീൻ പാക്കേജ് ഉണ്ടെങ്കിൽ വിമാനത്തിൽ ബോഡിംഗ് അനുവദിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഇത് ആമിൽ എന്ന പ്രൊഫഷൻ ഉള്ളവർക്ക് സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് നിർബന്ധമാണെന്ന് അറിയിക്കുന്നതാണെന്ന് പറഞ്ഞ് കൊണ്ട് ചില എയർലൈൻ സ്റ്റാഫ് യാത്ര മുടക്കുന്നുണ്ടെന്നാണു അറിയാൻ സാധിച്ചത്. ഇത്തരത്തിൽ ആമിൽ പ്രൊഫഷൻ ഉള്ള ഒരു പ്രവാസിക്ക് ക്വാറൻ്റീൻ പാക്കേജ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം ഒരു വിമാനക്കംബനി ബോഡിംഗ് നൽകിയില്ല എന്ന് ജൗഫ് ട്രാവൽസ് എ ആർ നഗർ കുന്നുംപുറം എംഡി മുഹമ്മദ് സ്വാലിഹ് അറേബ്യൻ മലയാളിയെ അറിയിച്ചു. എന്നാൽ പിന്നീട് ഇതേ പ്രവാസി സൗദി എയർവേസിനു ടിക്കറ്റ് എടുത്ത് കൊണ്ട് ക്വാറൻ്റീൻ പാക്കേജ് ഇല്ലാതെത്തന്നെ സൗദിയിലേക്ക് പറക്കുകയും ചെയ്തിട്ടുണ്ട്.

യഥാർത്ഥത്തിൽ പ്രസ്തുത സർക്കുലർ കൊണ്ട് ഉദ്ദേശിക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമായ (വാക്സിനേഷൻ പൂർത്തിയാക്കാത്തവർ) ലേബർ വിസക്കാർക്കും ലേബർ ഇഖാമയുള്ളവർക്കും ബലദിയ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുക്കുക്കയാണെങ്കിൽ അവർക്ക് ബോഡിംഗ് കൊടുക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണെന്ന് വ്യക്തമാകുന്നുണ്ട്.

ഇത്തരത്തിൽ ബലദിയ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ ക്വാറൻ്റീൻ ഇപ്പോൾ പുതിയ തൊഴിൽ വിസക്കാർക്കും ആമിൽ പ്രൊഫഷൻ ( കാലാവധിയുള്ള ഇഖാമയുള്ളവർക്ക്) മാത്രമായിരിക്കും ലഭ്യമാകുക എന്നും സർക്കുലറിൽ നിന്ന് മനസ്സിലാകും.

മാത്രമല്ല നേരത്തെ ബലദിയ അറിയിപ്പിലും ബലദിയ അംഗീകാരമുള്ള ക്വാറൻ്റീൻ പാക്കേജ് കംബനി തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണെന്ന സൂചനയുണ്ട്. അതായത് വിസിറ്റിംഗ് വിസക്കാർക്കും ഫാമിലി ഇഖാമക്കാർക്കും ബലദിയ പാക്കേജ് എടുക്കാൻ പറ്റില്ല എന്നർത്ഥം.

ഈ സംഗതിയാണു ചില വിമാനക്കംബനികളിലെ സ്റ്റാഫുകൾ അത് ആമിൽ പ്രൊഫഷൻ ഉള്ളവർക്ക് ബലദിയ ക്വാറൻ്റീൻ നിർബന്ധമാണെന്ന തരത്തിൽ വ്യാഖ്യാനിച്ച് ബോഡിംഗ് കൊടുക്കാതിരുന്നത്.

ചുരുക്കത്തിൽ പ്രസ്തുത സർക്കുലർ കൊണ്ട് ഉദ്ദേശിക്കുന്നത് ലേബർ ഇഖാമയോ പുതിയ തൊഴിൽ വിസയോ ഉള്ളവർ ബലദിയ ക്വാറൻ്റീൻ പാക്കേജുമായി വന്നാൽ അവർക്ക് വിമാനത്തിൽ ബോഡിംഗ് നൽകണമെനന്നും വിസിറ്റിംഗ് വിസക്കാർക്കും ഫാമിലി ഇഖാമക്കാർക്കും ബലദിയ പാക്കേജ് അനുവദിക്കില്ല എന്നും മനസ്സിലാക്കാം.

മാത്രമല്ല, ഇത്തരത്തിൽ ആമിൽ പ്രൊഫഷനുള്ളവർക്ക് മാത്രമായി ഒരു നിയന്ത്രണം കൊണ്ട് വരികയാണെങ്കിൽ ആദ്യം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ട സൗദി ആഭ്യന്തര മന്ത്രാലയം ഇത് വരെ ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല എന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്