Sunday, April 20, 2025
Saudi ArabiaTop Stories

ക്വാറന്റീൻ കഴിഞ്ഞിട്ടും തവക്കൽനായിൽ സ്റ്റാറ്റസ് മാറുന്നില്ല; ഹോട്ടൽ ക്വാറൻ്റീൻ ബുക്ക് ചെയ്ത് സൗദിയിലെത്തുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിദ്ദ: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൗദി പ്രവാസികളിൽ പലരും ക്വാറന്റീൻ കഴിഞ്ഞതിനു ശേഷവും തങ്ങളുടെ തവക്കൽനായിലെ പർപ്പിൾ കളർ സ്റ്റാറ്റസ് മാറുന്നില്ലെന്ന് പരാതി ഉന്നയിക്കുന്നുണ്ട്.

ക്വാറന്റീൻ കഴിഞ്ഞിട്ടും രണ്ട് പിസിആർ ടെസ്റ്റ്‌ കഴിഞ്ഞിട്ടും  പർപിൾ കളർ സ്റ്റാറ്റസ് മാറി ഗ്രീൻ കളർ സ്റ്റാറ്റസിലേക്ക് മാറാത്തത്  വലിയ പ്രയാസമാണുണ്ടാക്കുന്നത്.

ഇഖാമയുള്ളവരും പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരുമെല്ലാം ഈ പ്രശ്നം അനുഭവപ്പെടുന്നവരിൽ ഉൾപ്പെടുന്നു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ ക്വാറൻ്റീൻ സൗകര്യം ഒരുക്കുന്ന ഹോട്ടലുകാർ ക്വാറൻ്റീനിൻ്റെ ആദ്യ ദിനം തന്നെ പിസിആർ ടെസ്റ്റ് നടത്തി ഡാറ്റ അപ്ഡേറ്റ് ചെയ്യാത്തതാണു കാരണമെന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

ഹോട്ടലിലെത്തി ആദ്യ ദിനം പിസിആർ ടെസ്റ്റ് നടത്താതിരിക്കുന്ന ചില ഹോട്ടലുകാർ രണ്ടാം ദിവസമായിരിക്കും പിസിആർ ടെസ്റ്റ് നടത്തുക. അത് കൊണ്ട് തന്നെ പിന്നീട് അഞ്ചാം ദിവസം പിസിആർ ടെസ്റ്റ് നടത്തുംബോൾ സിസ്റ്റത്തിൽ അത് നാലാമത്തെ ദിവസം ടെസ്റ്റ്‌ നടത്തിയതായിട്ടായിരിക്കും കാണിക്കുക.
സ്വാഭാവികമായും അഞ്ചാമത്തെ ദിവസം പിസിആർ ടെസ്റ്റ് നടത്തിയതായി സിസ്റ്റം പരിഗണിക്കില്ല എന്നർത്ഥം. ഈ സാഹചര്യത്തിൽ ആണ്‌  പലർക്കും പർപ്പിൾ കളർ മാറാതിരിക്കുന്ന അവസ്ഥ അനുഭവപ്പെടുന്നത്.

എന്നാൽ ഇങ്ങനെ പർപ്പിൾ കളർ മാറാതെ പ്രയാസപ്പെടുന്നവർ ഹോട്ടലിൽ നിന്ന് പോയ ശേഷം അഥവാ ആദ്യ പിസിആർ ടെസ്റ്റ് നടത്തി അഞ്ച് ദിവസമായ ശേഷം ഒരു പിസിആർ ടെസ്റ്റ് കൂടി നടത്തിയാൽ മതിയെന്ന് സൗദി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ സോഷ്യൽ മീഡിയകളിലൂടെ അവതരിപ്പിക്കുന്ന വ്ളോഗർ അനസ് തവനൂർ അറേബ്യൻ മലയാളിയെ അറിയിച്ചു.

ആദ്യ ദിനവും അഞ്ചാം ദിവസവും പിസിആർ ടെസ്റ്റ് നടത്തുന്നവർക്ക് പ്രശ്നങ്ങൾ ഇല്ലെന്നും തവക്കൽനായിൽ പർപ്പിൾ കളർ മാറി നോർമലാകുന്നുണ്ടെന്നും പ്രവാസികൾ അക്കാര്യം ശ്രദ്ധിക്കണമെന്നും അനസ് ഓർമ്മിപ്പിക്കുന്നു.

സ്വിഹതി വഴി ബുക്ക് ചെയ്ത് സൗജന്യമായി പിസിആർ ടെസ്റ്റിന് അപേക്ഷിക്കാൻ സാധിക്കുമെന്നതിനാൽ പ്രവാസികൾക്ക് അതുപയോഗപ്പെടുത്താൻ സാധിക്കും. അല്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോയും ടെസ്റ്റ്‌ നടത്താം.

തവക്കൽനായിൽ സർവീസസിൽ കോവിഡ് 19 ടെസ്റ്റ്‌ എന്ന ഓപ്ഷനിൽ പോയാൽ പിസിആർ ടെസ്റ്റ്‌ റിസൾട്ട്  അപ്ഡേറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. അപ്ഡേറ്റ് ആയിട്ടില്ലെങ്കിൽ ടെസ്റ്റ്‌ നടത്തിയവരുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്