എല്ലാം ഒരു മായ പോലെ; പുതിയ മോഡൽ എ ടി എം തട്ടിപ്പിൽ സൗദിയിൽ മലയാളിക്ക് പണം നഷ്ടമായി: പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
പതിവ് എ ടി എം തട്ടിപ്പുകളിൽ നിന്ന് വിഭിന്നമായി പുതിയ തരം എ ടി എം തട്ടിപ്പിൽ സൗദിയിൽ മലയാളിക്ക് പണം നഷ്ടമായി.
മക്കയിൽ അൽരാജ്ഹി എ ടി എമിൽ നിന്ന് സുഹൃത്തിനു പണമയച്ച ശേഷം പുറത്തിറങ്ങിയ മലയാളിയുടെ 1400 റിയാൽ ആണ് പുതിയ മോഡൽ തട്ടിപ്പിലൂടെ നഷ്ടമായത്.
എടിഎം കൗണ്ടറിൽ നിന്ന് പുറത്തിറങ്ങി മടങ്ങുന്ന മലയാളിയെ രണ്ട് അറബ് വംശജർ 500 റിയാൽ കാണിച്ച് തിരികെ വിളിക്കുകയും പണം എ ടി എമിനടുത്ത് നിന്ന് കിട്ടിയതാണെന്നും അത് മലയാളിയുടേതാണെന്ന് പറയുകയും ചെയ്തതായിരുന്നു തട്ടിപ്പിന്റെ തിരക്കഥയുടെ തുടക്കം.
പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നാതിരുന്ന മലയാളി വീണ്ടും എ ടി എം കൗണ്ടറിൽ കയറി ബാലൻസ് ചെക്ക് ചെയ്തപ്പോൾ പണം നഷ്ടമായിട്ടില്ലെന്ന് മനസ്സിലാകുകയും 500 തന്റേതല്ലെന്ന് രണ്ട് വ്യക്തികളെയും അറിയിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് വീട്ടിലെത്തിയ മലയാളിയുടെ മൊബൈലിലേക്ക് 5000 റിയാൽ എടിഎമിൽ നിന്ന് പിൻ വലിച്ചതായി മെസേജ് വരികയായിരുന്നു. ആ സമയം സംശയം തോന്നി പേഴ്സിലെ എടിഎം കാർഡ് നോക്കിയപ്പോൾ അത് തന്റെ കാർഡല്ലെന്ന് തിരിച്ചറിഞ്ഞു.
ഉടൻ എടിഎം കൗണ്ടറിൽ തിരികെ പോയപ്പോൾ അവിടെ പോലീസും ഒരു സ്ത്രീയും നിൽക്കുന്നതായി മലയാളി കണ്ടു. അന്വേഷിച്ചപ്പോൾ ആ സ്ത്രീയേയും തട്ടിപ്പ് സംഘം പറ്റിച്ചതാണെന്നും മനസ്സിലായി. സ്ത്രീയുടെ അക്കൗണ്ടിലെ 3600 റിയാൽ മലയാളിയുടെ അക്കൗണ്ടിലേക്ക് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്ത ശേഷം 5000 റിയാൽ മലയാളിയുടെ അക്കൗണ്ടിൽ നിന്ന് പിൻ വലിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ എല്ലാം ഉള്ളതിനാൽ പ്രതികൾ ഉടൻ വലയിലാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലയാളിയെ എടിഎമിലേക്ക് തിരികെ വിളിപ്പിക്കുകയും താനറിയാതെ തന്റെ എടിഎം കാർഡ് കൈവശമാക്കുകയും തനിക്ക് വ്യാജ എടിഎം നൽകിയതുമെല്ലാം ഒരു മായ പോലെയാണ് അനുഭവപ്പെടുന്നത് എന്നാണ് മലയാളി പറയുന്നത്.
ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങളിലും നിരുപദ്രവം എന്ന് തോന്നുന്ന മറ്റു സമാന സന്ദർഭങ്ങളിലും പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒരിക്കലും മറ്റുള്ളവരുടെ സാമീപ്യത്തിൽ എ ടി എം ക്രിയവിക്രിയങ്ങൾ നടത്താതിരിക്കാനും അറിയാത്തവരുമായി എടിഎമ്മുകളിൽ ഇടപഴകാതിരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa