Friday, November 15, 2024
Saudi ArabiaTop Stories

നാട്ടിൽ പോകാൻ സാധിക്കാതെ വിഷമിച്ച് ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യയുടെ വക്കിലെന്ന് അറിയിച്ച മലയാളി നാടണഞ്ഞു

അബ്ഹ: കൊല്ലം പാരിപ്പള്ളി സ്വദേശി അഭിലാഷ് അവസാനം സുമനസ്സുകളുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ സൗദിയിൽ നിന്ന് നാട്ടിലേക്ക് പറന്നു.

അഭിലാഷിന്റെ ഇഖാമ കാലാവധി അവസാനിച്ച് പ്രയാസപ്പെടുന്നതിനിടെ നാട്ടിൽ ഭാര്യക്ക് അസുഖം ബാധിക്കുകയായിരുന്നു.

തുടർന്ന് നാട്ടിൽ പോകാനായി അഭിലാഷിന്റെ ശ്രമം. അതിനായി രേഖകൾ ശരിയാക്കാനായി ഒരു മലയാളിയെ സമീപിക്കുകയും അയാൾ 6000 റിയാൽ വാങ്ങി മുങ്ങുകയും ചെയ്തു. ഉള്ള ജോലി നഷ്ടപ്പെടുകയും ചെയ്തു.

ഇതിന് പുറമെ മറ്റൊരാളും സഹായ വാഗ്ദാനം നൽകിയെങ്കിലും മാസങ്ങൾ നീളുകയല്ലാതെ പരിഹാരം കാണുകയുണ്ടായില്ല. ആദ്യത്തെയാൾക്ക് പുറമെ രണ്ടാമത്തെയാളും പിന്നീട് ഫോൺ എടുക്കാതെയാകുകയും ചെയ്തു.

തുടർന്ന് മാനസികമായി തളർന്ന അഭിലാഷ് തന്റെ അവസ്ഥ വിവരിക്കുകയും താൻ ആത്മഹത്യയുടെ വക്കിലാണെന്ന് അറിയിക്കുകയും ചെയ്ത് കൊണ്ട് ഫേസ്ബുക്കിൽ ലൈവ് ഇടുകയായിരുന്നു.

പ്രസ്തുത ലൈവ് കാണാനിടയായ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ കുറ്റിച്ചൽ ഒ ഐ സി സി ഖമീസ് സനാഇയ യൂണിറ്റ് പ്രസിഡന്റ് പ്രസാദ് നാവായിക്കുളത്തിന്റെ സഹായത്തോടെ അഭിലാഷിന്റെ താമസസ്ഥലം കണ്ടെത്തുകയും ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചില സാങ്കേതിക തടസ്സങ്ങൾ കാരണം അബഹ ജവാസാത്തിൽ നിന്ന് എക്സിറ്റ് ലഭിക്കാതായപ്പോൾ തത്ക്കാലം ഒരു ജോലിയും താമസ സ്ഥലവും അഷ്‌റഫ്‌ കുറ്റിച്ചലും പ്രസാദ് നാവായിക്കുളവും അഭിലാഷിനായി ഒരുക്കുകയായിരുന്നു.

ശേഷം ഇവർ ജിദ്ദ കോൺസുലേറ്റുമായി ബന്ധപ്പെടുകയും കോൺസുൽ ജനറലിന്റെയും കോൺസുലേറ്റ് ജീവനക്കാരൻ ഇഖ്ബാലിന്റെയും സഹായത്തൊടെ ഫൈനൽ എക്സിറ്റ് വിസ സംഘടിപ്പിച്ചു. മന്തി അൽ ജസീറ പാർട്ണർ മുനീർ കൊടുവള്ളി നല്കിയ ടിക്കറ്റിൽ അവസാനം അഭിലാഷ് നാടണയുകയും ചെയ്തു. റോയി മുത്തേടം, അൻസാരി കുറ്റിച്ചൽ, മുഹമ്മദ്‌ കുഞ്ഞി എന്നിവരും അഭിലാഷിനെ സഹായിക്കാനുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ക്സ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്