Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ മയക്കുമരുന്ന് കേസിൽ പിടിയിൽ

സൗദിയിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍. മയക്കുമരുന്ന് പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം ശക്തമായ പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാര്‍ മയക്കുമരുന്ന് കേസിൽപെട്ട് സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്.

മദ്യം, മയക്കുമരുന്ന് ഗുളികകള്‍, കഞ്ചാവ്, ഖാത്ത് തുടങ്ങിയവ രാജ്യത്തേക്ക് കടത്തുകയും, വിൽപ്പന നടത്തുകയും ചെയ്തവരാണ് പിടിയിലായവർ.

റിയാദ് ഇന്ത്യന്‍ എംബസിയുടെ പരിധിയില്‍ പെടുന്ന മധ്യപ്രവിശ്യയിലും, കിഴക്കന്‍ പ്രവിശ്യയിലുമായി ഇരുനൂറിലധികം ഇന്ത്യക്കാരാണ് ഇത്തരം കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്നത്.

ജിദ്ദ കോണ്‍സുലേറ്റിന്റെ പരിധിയില്‍ നൂറോളം ഇന്ത്യക്കാരും ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

തടവുകാരുടെ കൂട്ടത്തിൽ വധശിക്ഷ കാത്തുകിടക്കുന്ന ഒരു ഇന്ത്യക്കാരനും ഉൾപ്പെടും. യുഎഇയില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയ്‌ലറില്‍ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ പഞ്ചാബ് സ്വദേശിയാണ് അല്‍ഹസാ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്നത്.

യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവർമാർ അടക്കം 65 ഓളം പേര്‍ മയക്കുമരുന്ന് കേസില്‍ അല്‍ഹസാ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ഇരുപത് മുതല്‍ മുപ്പത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവർ വരെയുണ്ട്.

മയക്കുമരുന്ന് പിടികൂടുന്നതിനായി പഴുതടച്ച പരിശോധനയാണ് ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വാഹനപരിശോധനയിൽ നിരവധി പേര് പിടിക്കപ്പെടുന്നുണ്ട്.

സ്വകാര്യവാഹനങ്ങളില്‍ നിന്ന് ഇത്തരം മയക്കുമരുന്ന് വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അതിലുള്ള യാത്രക്കാരെയെല്ലാം സ്വാഭാവിക നടപടിയെന്നോണം കസ്റ്റഡിയില്‍ എടുക്കും.

കള്ള ടാക്സിയിലും, സുഹൃത്തുക്കളുടെ വാഹങ്ങളിലും മറ്റും പോകുന്നവരും ഇത്തരത്തിൽ കേസുകളിൽ അകപ്പെടുന്നുണ്ട്. മയക്കുമരുന്ന് വില്‍പനക്കിടെ പിടിക്കപ്പെട്ട് വിചാരണ നേരിടുന്നവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa