Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുത്തനെ കുറക്കാൻ ആലോചന; വിശദമായി അറിയാം

സൗദി തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളുടെ ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു.

സ്ഥാപനങ്ങളിലെ ജിവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങൾ ആയി തരം തിരിച്ചാണ് പിഴകളിലും ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് പൊതു ജനാഭിപ്രായം തേടി മന്ത്രാലയം പൊതു പ്ലാറ്റ് ഫോമിൽ (ഇസ്തിത്ലാഅ്) പ്രസിദ്ധപ്പെടുത്തിയ കുറക്കാനുദ്ദേശിക്കുന്ന പിഴകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തിയാലുള്ള പിഴ എ വിഭാഗത്തിന് 10,000-ൽ നിന്ന് 1000 റിയാൽ ആയും ബി വിഭാഗത്തിന് 5,000-ൽ നിന്ന് 500 റിയാൽ ആയും, സി. വിഭാഗത്തിന് 3,000-ൽ നിന്ന് 300 റിയാൽ ആയും കുറക്കുക.

സ്ഥാപനത്തിലെ എല്ലാ കറ്റഗറിയിലും പെട്ട തൊഴിലാളികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള പിഴ എ കാറ്റഗറിക്ക് 5000ൽ നിന്ന് 1000 ആയും ബി കാറ്റഗറിക്ക് 2000ൽ നിന്ന് 500 ആയും സി കാറ്റഗറിക്ക് 1000ൽ നിന്ന് 300 ആയും കുറക്കുക.

വെയിലത്ത് പണിയെടുപ്പിക്കുകയോ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ മോശം സാഹചര്യത്തിൽ ജോലി ചെയ്യിക്കുകയോ ചെയ്‌താൽ ഈടാക്കുന്ന പിഴ 3000 റിയാലിൽ നിന്ന് 1000 റിയാൽ ആക്കി കുറക്കുക.

തൊഴിലുടമ നൽകേണ്ട സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ നിയമങ്ങൾ പാലിക്കാത്തതിനുള്ള പിഴ മന്ത്രാലയം എ ക്ലാസ് സ്ഥാപനങ്ങൾക്ക് 10,000 ൽ നിന്ന് 5,000 ആയും ബി ക്ലാസ് സ്ഥാപനങ്ങൾക്ക് 5,000 ൽ നിന്ന് 2,500 ആയും സി ക്ലാസിനു 2,500 ൽ നിന്ന് 1,500 ആയും കുറക്കുക.

ബാല വേല ചെയ്യിക്കുന്നതിനുള്ള പിഴ എ വിഭാഗത്തിന് 20,000 റിയാലിൽ നിന്ന് 2000 റിയാൽ ആയും പ്രസവത്തെത്തുടർന്നുള്ള ആറാഴ്ചക്കുള്ളിൽ സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാലുള്ള പിഴ 10,000 റിയാലിൽ നിന്ന് 1000 റിയാൽ ആയും കുറക്കുക.

സൗദി വനിതകൾക്കുള്ള തൊഴിലവസരം സൗദി പുരുഷന്മാർക്ക് നൽകിയാൽ പിഴ എല്ലാ കാറ്റഗറിക്കും 1000 റിയാൽ ആക്കി ചുരുക്കുക. നേരത്തെ ഇത് 10,000, 5,000, 2,500 എന്നിങ്ങനെ ആയിരുന്നു.

മന്ത്രാലയത്തിലേക്ക് സമർപ്പിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ഈടാക്കുന്ന പിഴ 20,000 റിയാലിൽ നിന്ന് 3,000 റിയാൽ ആക്കി ചുരുക്കുക.

തൊഴിലാളികൾക്കിടയിലോ അവരുടെ സാലറികൾക്കിടയിലോ വിവേചനം കാണിച്ചാൽ ഈടാക്കുന്ന പിഴകൾ എ,ബി,സി കാറ്റഗറികൾക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാക്കി കുറക്കുക. നേരത്തെയിത് 10,000, 5000, 2500 എന്നിങ്ങനെയായിരുന്നു.

സൗദിവത്കൃത തൊഴിലുകളിൽ വിദേശിയെ നിയമിച്ചാലും ജോലി ചെയ്യാതെ സ്വദേശിയെ ജോലി ചെയ്യുന്നതായി രേഖകളിൽ കാണിക്കുകയും ചെയ്താലും ഈടാക്കുന്ന പിഴ എ ബി സി കാറ്റഗറികൾക്ക് യഥാക്രമം 8,000, 4000, 2000 (റിയാൽ) എന്നിങ്ങനെയാക്കി ചുരുക്കുക. നേരത്തെയിത് 20,000, 10,000, 5000 എന്നിങ്ങനെയായിരുന്നു.

തൊഴിലാളികൾക്ക് യഥാ സമയം ശമ്പളം അക്കൗണ്ടിൽ നൽകാതിരുന്നാൽ ഈടാക്കുന്ന പിഴ 300 റിയാൽ ആക്കി ചുരുക്കുക. നേരത്തെയിത് എ ബി സി കാറ്റഗറികൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ആയിരുന്നു.

ക്ലാസ് എയിൽ 50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്നു, ക്ലാസ് ബിയിൽ 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്നു, ക്ലാസ് സിയിൽ 20 തൊഴിലാളികളോ അതിൽ കുറവോ ഉള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്