ഇഖാമ, റി എൻട്രി, ഫൈനൽ എക്സിറ്റ്: വിവിധ സംശയങ്ങൾക്ക് മറുപടികളുമായി സൗദി ജവാസാത്ത്
പ്രവാസികളുടെ ഇഖാമ, എക്സിറ്റ്, റി എൻട്രി എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് മറുപടികൾ നൽകി.
ഇഖാമ പുതുക്കാൻ വൈകിയാൽ പിഴ നിലവിൽ വരുന്നത് ഇഖാമ കാലാവധി കഴിഞ്ഞ് 3 ദിവസം കഴിഞ്ഞാണെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി. ആദ്യ തവണയാണ് പുതുക്കാൻ വൈകുന്നതെങ്കിൽ 500 റിയാൽ ആണ് പിഴ. പുതുക്കാൻ വൈകുന്നത് ഒന്നിലധികം തവണ ആവർത്തിച്ചാൽ 1000 റിയാൽ പിഴ ഈടാക്കും.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ ഇഖാമ കാലാവധി പരിഗണിക്കാതെ (എക്സ്പയറായാലും ഇല്ലെങ്കിലും) 60 ദിവസം കൂടി സൗദിയിൽ കഴിയാം. എക്സിറ്റ് വിസാ കാലാവധിയായ 60 ദിവസത്തിനുള്ളിൽ സൗദി വിടണം. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമ കാലാവധി വേണം. ഫൈനൽ എക്സിറ്റ് വിസ ഇലക്ട്രോണിക് ആയി ഇഷ്യു ചെയ്യുന്നതിനാൽ പ്രിന്റ് ആവശ്യമില്ല.
റി എൻട്രി വിസ കാലാവധി 60, 90, 120 എന്നിങ്ങനെ ദിവസങ്ങൾ കണക്കാക്കി ഇഷ്യു ചെയ്തതണെങ്കിൽ ഇഷ്യു ചെയ്ത് 3 മാസത്തിനുള്ളിൽ സൗദി വിടണം. സൗദിയിൽ നിന്ന് പോയ ദിവസം മുതലായിരിക്കും റി എൻട്രി ദിനങ്ങൾ കണക്ക് കൂട്ടുക. അതേ സമയം റി എൻട്രി വിസ ഇഷ്യു ചെയ്യുന്നത് ഒരു നിശ്ചിത തീയതിക്ക് മുമ്പ് മടങ്ങി വരണം എന്ന രീതിയിൽ ആണെങ്കിൽ വിസ ഇഷ്യു ചെയ്ത ദിവസം മുതൽ അയാളുടെ റി എൻട്രി ദിനങ്ങൾ കണക്ക് കൂട്ടപ്പെടും.
ഒരാളുടെ ഇഖാമക്ക് കാലാവധിയുള്ള കാലത്തോളം അയാൾക്ക് റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കും. അതായത് ഇഖാമയിൽ ഒരു ദിവസം മാത്രമാണ് കാലവധിയെങ്കിൽ ആ ഒരു ദിവസത്തേക്ക് വേണമെങ്കിൽ റി എൻട്രി വിസയും ഇഷ്യു ചെയ്ത് ലഭിക്കുമെന്ന് സാരം.
റി എൻട്രി ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ ചുരുങ്ങിയത് മൂന്ന് മാസത്തെ വാലിഡിറ്റിയെങ്കിലും വേണം എന്നാണ്. നിബന്ധന. അതേ സമയം ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ രണ്ട് മാസം കാലാവധിയാണ് വേണ്ടത്. ഇക്കാര്യങ്ങൾ അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa