Sunday, November 24, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം: മസ്ജിദുൽ ഹറാമിൽ ആരാധനാകർമ്മങ്ങൾ കേൾപ്പിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളത് 8000 സ്‌പീക്കറുകൾ

വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലും പള്ളി മുറ്റത്തും പുതിയ വികസിത ഏരിയകളിലും ചുറ്റുമുള്ള വഴികളിലും മറ്റുമായി 8000 ത്തിലധികം സ്പീക്കറുകൾ സ്ഥാപിച്ചിട്ടുള്ളതായി രണ്ട് വിശുദ്ധ ഹറമുകളുടെ ജനറൽ പ്രസിഡൻസിയിലെ മസ്ജിദ് പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി വ്യക്തമാക്കി.

ബാങ്ക്, ഇഖാമത്ത്, നമസ്ക്കാരം, ഖുതുബ എന്നിവയെല്ലാം സൗണ്ട് സിസ്റ്റം വഴി പുറത്തെത്തിക്കുന്നതിനായി 120 ലധികം എഞ്ചിനീയർമാരും ടെക്നീഷ്യന്മാരും ഉൾപ്പെട്ട നെറ്റ് വർക്ക് ഓരോ നമസ്ക്കാരത്തിനു മുമ്പും കർമ്മ നിരതരായിരിക്കും.

മസ്ജിദുൽ ഹറാമിലെ മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും ശബ്ദം പിടിച്ചെടുക്കുന്ന നൂതന സെൻസിറ്റിവിറ്റിയുള്ള സെൻസറുകൾ വഴിയാണ് ശബ്‌ദം ക്യാപ്‌ചർ ചെയ്യുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
അനേകം മെയിന്റനൻസ് എഞ്ചിനീയർമാർ മുഴുവൻ സമയവും സ്പെയർ മൈക്രോഫോണുകളുടെ മേൽനോട്ടം വഹിക്കുന്നു. എന്തെങ്കിലും തകരാർ സംഭവിക്കുമ്പോൾ സ്പെയർ മൈക്രോഫോണുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു.

മൂന്ന് മൈക്രോ ഫോണുകളിൽ വലത് ഭാഗത്തേത് പ്രധാനപ്പെട്ട മൈക്രോ ഫോൺ ആണ്. നടുവിലേത് ഒന്നാമത്തെ ബാക്കപ് മൈക്രോ ഫോണും മൂന്നാമത്തേത് രണ്ടാമത്തെ ബാക്കപ്പ് മൈക്രോ ഫോണുമാണെന്ന് ഹറമുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂചിപ്പിക്കുന്നു. ഒന്നാമത്തെ മൈക്രോ ഫോൺ കേട് വന്നാൽ രണ്ടാമത്തെ മൈക്രോഫോൺ പ്രവർത്തിക്കും. രണ്ടാമത്തെ മൈക്രോഫോണും തകരാറിലായാൽ മൂന്നാമത്തെ മൈക്രോഫോൺ പ്രവർത്തിക്കും. ഫലത്തിൽ ഹറമിൽ സൗണ്ട് സിസ്റ്റത്തിൽ തകരാറുകൾ സംഭവിക്കുക പൂജ്യം ശതമാനം ആയിരിക്കും എന്ന് സാരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്