Friday, May 17, 2024
Top StoriesU A E

മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥിയെ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി

യു എ ഇ യിൽ മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥിയെ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ്(സച്ചു – 17)നെയാണ് അജ്‌മാനിലെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല.

പെരിനാട് ചിറ്റയം നെല്ലിവിള തെക്കേതിൽ പൗലോസ്–ആശ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനു താഴെ കണ്ടെത്തിയത്.

ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽനിന്നുമാണ് റൂബൻ വീണുമരിച്ചത്. പുലർച്ചെ മൃതദേഹം കണ്ടെത്തിയ പോലീസ് മാതാപിതാക്കളെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

മരിച്ച റൂബന്റെ പിതാവ് പൗലോസ് ജോർജ് അജ്‌മാനിൽ സംരഭകനാണ്, ദുബൈ അൽ തവാറിൽ നഴ്‌സായി ജോലി ചെയ്യുകയാണ് മാതാവ് ആശാ പൗലോസ്.

സഹോദരിമാർ: രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം.എം.ജോണിന്‍റെ ഭാര്യാ സഹോദരി പുത്രനാണ്.

നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് റൂബന്‍.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa