Sunday, November 24, 2024
Saudi ArabiaTop Stories

മഞ്ഞ വരയിൽ കയറി പോക്കറ്റ് കീറി നിരവധി സൗദി പ്രവാസികൾ; ശ്രദ്ധിക്കേണ്ടത്

സൗദി ഗതാഗത നിയമ പ്രകാരം റോഡിന്റെ വശങ്ങളിലൂടെ വാഹനമോടിക്കുന്നതും, നടപ്പാതകളിൽ കൂടി വാഹനമോടിക്കുന്നതും നിയമ ലംഘനത്തിന്റെ പരിധിയിൽ പെടുന്നുണ്ട്.

റോഡിൻ്റെ വശങ്ങളിലൂടെയും നടപ്പാതകളിലും വാഹനം ഓടിക്കുന്നത് നിരോധിച്ചിരിക്കുന്ന മറ്റു പാതകളിലും വാഹനമോടിക്കുന്നത് ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കുകയും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് സൗദി ട്രാഫിക് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നിലവിൽ ഈ നിയമ ലംഘനം കാമറകൾ വഴി തന്നെ ഓട്ടോമാറ്റിക്കായി പിടികൂടുന്നതിനാൽ നിരവധി ആളുകൾ അശ്രദ്ധമായി പെട്ട് പോകുന്നുണ്ട്. ധാരാളം മലയാളികൾക്ക് തന്നെ ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായതായും, റോഡ് വശങ്ങളിലെ മഞ്ഞ വരയിൽ കയറി വാഹനമോടിച്ചതിന് 1000 റിയാൽ പിഴ വന്നതായും മലയാളി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയെ അറിയിക്കുന്നു. റോഡിന്റെ വശങ്ങളിലൂടെയോ നടപ്പാതകളിലോ മറ്റോ വാഹനമോടിച്ചാൽ 1000 മുതൽ 2000 റിയാൽ വരെയാണ് പിഴ ഈടാക്കുക.

അത് കൊണ്ട് തന്നെ പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കാമറ ഉള്ളത് കൊണ്ട് തീരെ അശ്രദ്ധരാകരുതെന്നും റോഡ് വശങ്ങളിലെ മഞ്ഞ വരയിൽ കയറുന്നത് സൂക്ഷിക്കണമെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ സാജിദ്.വി കരുവൻതിരുത്തി ഓർമ്മിപ്പിക്കുന്നു.

അതേ സമയം കഴിഞ്ഞ ദിവസം കാമറയെക്കുറിച്ചുള്ള ബോധമില്ലായ്മ തനിക്ക് 500 റിയാൽ പിഴ ലഭിക്കാൻ കാരണമായത് മറ്റൊരു പ്രവാസി സുഹൃത്ത് പങ്ക് വെക്കുകയുണ്ടായി. ജിദ്ദയിൽ മേഘങ്ങളുടെ ഭംഗി കണ്ട് വാഹനമോടിക്കുന്നതിനിടെ മൊബൈലിൽ അത് പകർത്തിയപ്പോൾ ട്രാഫിക് കാമറയിൽ മൊബൈൽ ഉപയോഗം പകർത്തപ്പെടുകയും 500 റിയാൽ പിഴ ലഭിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു അത് കൊണ്ട് തന്നെ പ്രവാസികൾ സുരക്ഷാ ബോധത്തോടൊപ്പം ട്രാഫിക് കാമറകളെക്കുറിച്ചും എപ്പോഴും ബോധവാന്മാരാകേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്