സൗദി മൾട്ടി വിസിറ്റ് വിസ: ആശ്വാസ വാർത്തക്കിടയിലും ആശങ്ക മാറാതെ പ്രവാസികൾ
ജിദ്ദ: ഒരു വർഷം കാലാവധിയുള്ള സൗദി മൾട്ടി വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം വീണ്ടും പുന:സ്ഥാപിച്ചത് സൗദി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ഈ ആശ്വാസ വാർത്തക്കിടയിലും വ്യക്തമായ ഉത്തരം കിട്ടാത്ത നിരവധി ആശങ്കകളും പ്രവാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്.
പ്രധാനമായും, നിലവിൽ മൾട്ടി വിസിറ്റ് വിസ അപേക്ഷ സ്വീകരിക്കുന്നുവെങ്കിൽ പോലും വിസ സ്റ്റാംബ് ചെയ്ത് സൗദിയിലെത്തിയവർ ഹജ്ജിനു മുമ്പ് തന്നെ സൗദിയിൽ നിന്ന് മടങ്ങേണ്ടി വരുമോ എന്ന ആശങ്കയാണ് നില നിൽക്കുന്നത്.
മൾട്ടി അപേക്ഷ നിർത്തലാക്കുന്നതിനു മുമ്പ് ഒരു വർഷത്തെ മൾട്ടി വിസിറ്റ് വിസ ലഭിച്ച ചിലർ കഴിഞ്ഞ ദിവസം നാട്ടിൽ വിസ സ്റ്റാംബ് ചെയ്യാൻ കൊടുത്തപ്പോൾ, ഏപ്രിൽ 13 വരെ മാത്രം സൗദിയിൽ താമസിക്കാനുള്ള വാലിഡിറ്റി രേഖപ്പെടുത്തിയാണ് വിസ സ്റ്റാംബ് ചെയ്ത് ലഭിച്ചത്. അതിനു പുറമെ വിസ സ്റ്റാംബ് ചെയ്തപ്പോൾ മൾട്ടി എൻട്രി എന്നതിന് പകരം സിംഗിൾ എൻട്രി ആയാണ് സ്റ്റാംബ് ചെയ്ത് ലഭിച്ചിട്ടുള്ളത് എന്നും പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇഷ്യു ചെയ്ത വിസകൾക്ക് ഏപ്രിൽ 13 വരെ താമസ വാലിഡിറ്റി കാണിച്ചതിനാലും സിംഗിൾ എൻട്രി എന്ന് സ്റ്റാംബ് ചെയ്ത വിസയിൽ രേഖപ്പെടുത്തിയതിനാലും സാധാരണ സിംഗിൾ എൻട്രി വിസിറ്റ് വിസകൾ സൗദിയിൽ നിന്ന് ഓൺലൈനിൽ പുതുക്കാൻ സാധിക്കുന്നത് പോലെ ഇപ്പോൾ സ്റ്റാംബ് ചെയ്ത് ലഭിക്കുന്ന വിസയും പുതുക്കാൻ സാധിക്കുമോ എന്ന സംശയമാണ് പലർക്കും ഉള്ളത്.
ഇത് വരെയുള്ള ജവാസാത്ത് നിയമ പ്രകാരം സിംഗിൾ എൻട്രി വിസിറ്റ് വിസകൾ വാലിഡിറ്റി കഴിയാനാകുമ്പോൾ ഫീസ് നൽകി സൗദിയിൽ നിന്ന് തന്നെ പുതുക്കാൻ സാധിക്കുകയും അങ്ങനെ പരമാവധി 6 മാസം വരെ സൗദിയിൽ താമസിക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഹജ്ജ് സീസൺ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതിനാൽ ഇപ്പോഴുള്ള സിംഗിൾ വിസിറ്റ് വിസകൾ പഴയത് പോലെ 6 മാസം വരെ പുതുക്കാൻ സാധിക്കുമോ എന്ന ആശങ്ക പ്രവാസികളെ അലട്ടുന്നുണ്ട്. ഏതായാലും ഇക്കാര്യങ്ങളിളെല്ലാം വൈകാതെ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ പ്രവാസി സമൂഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa