സൗദിയിൽ പെരുന്നാൾ ദിനങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മാർച്ച് 29 ശനിയാഴ്ച മുതൽ സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും താപനിലയിൽ വർധനവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ (ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ) സൗദി അറേബ്യയിലെ പ്രധാന പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഈ കാറ്റ് പൊടി ഉയർത്തുന്നതിനാൽ ദൃശ്യപരത കുറയുകയും യാത്രകൾ ബുദ്ധിമുട്ടാകുകയും ചെയ്യും. സൗദിയുടെ വിവിധ ഭാഗങ്ങളെ ഇത് ബാധിക്കും.
മക്ക, ജിദ്ദ, മദീന, തബൂക്, അൽജൗഫ്, ഹായിൽ, അൽ-ഖസീം, വടക്കൻ അതിർത്തി പ്രദേശങ്ങൾ, റിയാദിലെ പടിഞ്ഞാറൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവ മുന്നറിയിപ്പിൽ ഉൾപ്പെടുന്നു.
ഈ ദിവസങ്ങളിൽ പകൽ സമയത്ത് പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. കൂടാതെ, പരമാവധി താപനില ഉയരുമെന്നും മുന്നറിയിപ്പ് നൽകുന്നു. അതായത്, ഈദ് ആഘോഷ വേളയിൽ ചൂട് കൂടുതൽ അനുഭവപ്പെടും.
ഈദിന് മുന്നോടിയായി, റമദാൻ മാസം തുടങ്ങിയപ്പോൾ മുതൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
മക്ക, മദീന, റിയാദിന്റെ മധ്യ-കിഴക്കൻ മലനിരകൾ എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിച്ചു. ഈ മഴ ഈദ് വരെ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധനായ അഖീൽ അൽ അഖീൽ പ്രവചിച്ചത്.
എന്നാൽ, ഈദ് ദിനങ്ങളിൽ മഴയ്ക്ക് പകരം പൊടിക്കാറ്റും ചൂടും ആയിരിക്കും പ്രധാന കാലാവസ്ഥാ സവിശേഷത എന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa