അമേരിക്കൻ നാവികസേനയ്ക്ക് ഭീഷണിയായി ഇറാന്റെ പുതിയ നീക്കം; സൂപ്പർസോണിക് മിസൈലുകൾക്കായി ചൈനയുമായി കൈകോർക്കുന്നു
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ചൈനയിൽ നിന്ന് ക്രൂയിസ് മിസൈലുകൾ വാങ്ങാനുള്ള നീക്കവുമായി ഇറാൻ. ഇത് മേഖലയിലെ അമേരിക്കൻ നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് ആയുധ വിദഗ്ധർ വിലയിരുത്തുന്നു.
ഇറാൻ തീരത്തിന് സമീപം അമേരിക്ക വൻതോതിൽ നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ്, യുഎസ് പടക്കപ്പലുകൾക്ക് വലിയ ഭീഷണിയാകാൻ ശേഷിയുള്ള ‘CM-302’ മിസൈലുകൾ സ്വന്തമാക്കാൻ ഇറാൻ കരാറിലെത്തുന്നത്.
ചൈനീസ് നിർമ്മിതമായ ഈ സൂപ്പർസോണിക് മിസൈലുകൾക്ക് ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. വളരെ താഴ്ന്നു പറക്കാനും അതിവേഗത്തിൽ സഞ്ചരിക്കാനുമുള്ള ഇവയുടെ ശേഷി പടക്കപ്പലുകളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമണം നടത്താൻ സഹായിക്കുന്നു.
രണ്ട് വർഷം മുൻപ് ആരംഭിച്ച ചർച്ചകൾ കഴിഞ്ഞ ജൂണിൽ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ഊർജിതമായത്. ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മസൂദ് ഒറായി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കരാറിന്റെ അവസാന ഘട്ട ചർച്ചകൾക്കായി ചൈന സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാന് ഇത്തരം സൂപ്പർസോണിക് മിസൈലുകൾ ലഭിക്കുന്നത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെത്തന്നെ മാറ്റും എന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിർന്ന ഗവേഷകൻ ഡാനി സിട്രിനോവിച്ച് അഭിപ്രായപ്പെട്ടു.
2006-ൽ ഏർപ്പെടുത്തുകയും കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും നടപ്പിലാക്കുകയും ചെയ്ത ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധത്തെ മറികടക്കുന്നതാണ് ഈ നീക്കം. കരാറിന്റെ തുകയോ മിസൈലുകളുടെ എണ്ണമോ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല .
ചൈനയുമായുള്ള സൈനിക-സുരക്ഷാ കരാറുകൾ പ്രയോജനപ്പെടുത്താൻ അനുയോജ്യമായ സമയമാണിതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം, ഇറാന്റെ നീക്കത്തോട് വൈറ്റ് ഹൗസ് നേരിട്ട് പ്രതികരിച്ചിട്ടില്ല. “ഒന്നെങ്കിൽ നമുക്ക് ഒരു ധാരണയിലെത്താം, അല്ലെങ്കിൽ കഴിഞ്ഞ തവണത്തെപ്പോലെ കടുപ്പമേറിയ നടപടികളിലേക്ക് നീങ്ങേണ്ടി വരും” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
