വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Middle EastTop Stories

ഇസ്രായേൽ സൈന്യം തകർച്ചയുടെ വക്കിൽ; പത്ത് അപായ സൂചനകൾ നൽകി സൈനിക മേധാവി, ഇസ്രായേലിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഒന്നിലധികം മുന്നണികളിൽ ഒരേസമയം യുദ്ധം ചെയ്യേണ്ടി വരുന്നത് ഇസ്രായേൽ പ്രതിരോധ സേനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് സൈനിക മേധാവി ജനറൽ ഇയാൽ സാമിർ.

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സൈന്യം തകർച്ചയുടെ വക്കിലാണെന്ന (Collapse) ഗൗരവകരമായ മുന്നറിയിപ്പ് അദ്ദേഹം നൽകിയത്.

സൈന്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പത്ത് അപായ സൂചനകൾ താൻ ഉയർത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും മറ്റ് മന്ത്രിമാരോടും അദ്ദേഹം പറഞ്ഞു.

ഗാസ, ലബനൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഒരേസമയം സൈനിക നീക്കങ്ങൾ നടത്തുന്നത് സൈനികരിൽ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുന്നു. റിസർവ് സേനയ്ക്ക് ഈ ഭാരം ഇനി താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിർബന്ധിത സൈനിക സേവന കാലാവധി നീട്ടുന്നതിനും കൂടുതൽ ആളുകളെ സൈന്യത്തിലേക്ക് ചേർക്കുന്നതിനും ഉടൻ നിയമനിർമ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സൈനിക മേധാവിയുടെ പ്രസ്താവന ഇസ്രായേലിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സൈന്യം തകരുമെന്ന് മേധാവി പറയുമ്പോഴും സർക്കാർ അത് അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ലാപിഡ് കുറ്റപ്പെടുത്തി.

അടുത്ത ദുരന്തം ഉണ്ടാകുമ്പോൾ ‘ഞങ്ങൾ അറിഞ്ഞില്ല’ എന്ന് പറയാൻ സർക്കാരിന് കഴിയില്ലെന്നും, എല്ലാവരെയും നിർബന്ധിത സൈനിക സേവനത്തിന് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിസർവ് സൈനികരും അവരുടെ കുടുംബങ്ങളും സഹായത്തിനായി നിലവിളിക്കുകയാണെന്നും, ഇത് അവഗണിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് മുന്നറിയിപ്പ് നൽകി.

എല്ലാവർക്കും സൈനിക സേവനം നിർബന്ധമാക്കുക എന്നത് ധാർമ്മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തീൻ മേഖലകളിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായും ഇത് നേരിടാൻ കൂടുതൽ സൈനികരെ ആവശ്യമുണ്ടെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa