ഞായറാഴ്‌ച, ജൂൺ 7, 2026
GCCMiddle EastTop Stories

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വ്യാപക ആക്രമണം; എണ്ണ-വാതക നിലയങ്ങളിൽ തീപിടുത്തം, വൈദ്യുതി-ശുദ്ധജല പ്ലാന്റിന് നേരെയും ആക്രമണം

ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയും രാവിലെയും യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി.

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചത്.

യുഎഇയിലെ ഏറ്റവും വലിയ പ്രകൃതി വാതക സംസ്കരണ കേന്ദ്രമായ ഹബ്ഷാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അബുദാബി അറിയിച്ചു.

യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇവിടെ പ്രവർത്തനം തടസ്സപ്പെടുന്നത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കുവൈറ്റിലെ മിനാ അൽ-അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. പ്രതിദിനം 3,46,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണിത്.

ഇതിന് പുറമെ കുവൈറ്റിലെ ഒരു വൈദ്യുതി നിലയത്തിന് നേരെയും ശുദ്ധജല പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല.

കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് ഓപ്പറേഷൻ സെന്റർ ആക്രമിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ സൗദി അറേബ്യ ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകൾ വിജയകരമായി തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group