സൗദിയിൽ ഓട്ടത്തിനിടെ വാഹനം അഗ്നിക്കിരയായി; മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ജോലി ആവശ്യത്തിനായി വാഹനം ഓടിച്ചു പോകുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അജ്മൽ, ഖുബ്സ് (റൊട്ടി) വിതരണത്തിനായി വാൻ ഓടിച്ചു പോവുകയായിരുന്നു.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിക്കുകയും നിമിഷങ്ങൾക്കകം വാൻ പൂർണ്ണമായും കത്തിയമരുകയുമായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ അജ്മൽ ഗുരുതരമായി തീപ്പൊള്ളലേറ്റാണ് മരണപ്പെട്ടത്.
അബ്ദുൽ അസീസ് – റസിയ ദമ്പതികളുടെ മകനാണ്. അവിവാഹിതനായ അജ്മൽ പ്രവാസം ആരംഭിച്ച് ഒൻപത് മാസം പിന്നിടുമ്പോഴാണ് ഈ ദുരന്തമുണ്ടായത്.
മൃതദേഹം നിലവിൽ അൽ അഹ്സയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
