ഹജ്ജ് അവധി: സൗദി പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഏറെ ആശ്വാസകരമായ ഒന്നാണ് സൗദി തൊഴിൽ നിയമപ്രകാരമുള്ള ഹജ്ജ് അവധി.
ഇസ്‌ലാമിലെ നിർബന്ധിത ആരാധനാകർമ്മമായ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (HRSD) വ്യക്തമാക്കിയിട്ടുണ്ട്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 അനുസരിച്ച് ഹജ്ജ് അവധിയുമായി ബന്ധപ്പെട്ട പ്രധാന നിബന്ധനകളും വിവരങ്ങളും താഴെ പറയുന്നവയാണ്:
1. എത്ര ദിവസത്തെ അവധി ലഭിക്കും? സൗദി തൊഴിൽ നിയമപ്രകാരം ഒരു ജീവനക്കാരന് ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി 10 ദിവസത്തിൽ കുറയാത്തതും പരമാവധി 15 ദിവസം വരെയുമുള്ള ശമ്പളത്തോടുകൂടിയ (Fully Paid) അവധിക്ക് അർഹതയുണ്ട്.
ഈ അവധി ദിവസങ്ങളിൽ ജീവനക്കാരന്റെ ശമ്പളം യാതൊരു കാരണവശാലും കുറയ്ക്കാൻ പാടുള്ളതല്ല. ബലിപെരുന്നാൾ അവധി ദിവസങ്ങളും ഈ 10 മുതൽ 15 ദിവസത്തെ ലീവിനുള്ളിൽ തന്നെയാണ് ഉൾപ്പെടുന്നത്.
2. ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും? ഹജ്ജ് അവധി നിയമപരമായി ലഭിക്കുന്നതിന് മന്ത്രാലയം ചില കൃത്യമായ നിബന്ധനകൾ മുൻപോട്ട് വെക്കുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ ഹജ്ജ് കർമ്മം നിർവഹിക്കാത്ത ജീവനക്കാർക്ക് മാത്രമാണ് ഈ പ്രത്യേക അവധി ലഭിക്കുക. മുൻപ് ഹജ്ജ് ചെയ്തവർക്ക് ഈ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കില്ല.
നിലവിലുള്ള തൊഴിലുടമയുടെയോ കമ്പനിയുടെയോ കീഴിൽ തുടർച്ചയായി കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി പൂർത്തിയാക്കിയവർക്ക് മാത്രമേ ഈ അവധിക്ക് അർഹതയുള്ളൂ. ഒരു ജീവനക്കാരന് തന്റെ സേവന കാലയളവിൽ ഒരൊറ്റ തവണ മാത്രമേ ഈ ഹജ്ജ് അവധി ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ.
3. വാർഷിക അവധിയും ഹജ്ജ് അവധിയും തമ്മിലുള്ള വ്യത്യാസം: പലർക്കുമുള്ള ഒരു സംശയമാണ് ഹജ്ജ് അവധി സാധാരണ ലഭിക്കുന്ന വാർഷിക അവധിയിൽ നിന്നും കുറയ്ക്കുമോ എന്നത്. എന്നാൽ ഹജ്ജ് അവധി പൂർണ്ണമായും വാർഷിക അവധിയിൽ നിന്നും സ്വതന്ത്രമാണ്. ഹജ്ജ് ലീവ് എടുത്തത് കൊണ്ട് നിങ്ങളുടെ സാധാരണ ലഭിക്കേണ്ട വാർഷിക അവധി ദിവസങ്ങൾ നഷ്ടപ്പെടുകയില്ല.
4. തൊഴിലുടമയുടെ അവകാശങ്ങൾ: നിയമപരമായി ജീവനക്കാരന് അവധിക്ക് അവകാശമുണ്ടെങ്കിലും, കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ സുഗമമായ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം ഇത് നടപ്പിലാക്കേണ്ടത്.
ഒരു സ്ഥാപനത്തിൽ നിന്ന് ഒരേ വർഷം തന്നെ നിരവധി ജീവനക്കാർ ഹജ്ജ് അവധിക്ക് അപേക്ഷിച്ചാൽ, ജോലിയുടെ ആവശ്യകത പരിഗണിച്ച് എത്ര പേർക്ക് അവധി നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയ്ക്കുണ്ട്.
അതിനാൽ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ജീവനക്കാർ കമ്പനിയുടെ എച്ച്.ആർ (HR) വിഭാഗത്തെ രേഖാമൂലം വിവരമറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യേണ്ടതാണ്.
5. ഹജ്ജ് ലീവ് ലഭിച്ചില്ലെങ്കിൽ: അർഹതയുള്ള ഒരു ജോലിക്കാരൻ ഹജ്ജ് ലീവ് ആവശ്യപ്പെട്ടിട്ടും ന്യായമായ കാരണമൊന്നുമില്ലാതെ തൊഴിലുടമ നിരസിക്കുകയാണെങ്കിൽ, MHRSD-യിൽ (തൊഴിൽ മന്ത്രാലയം) ഓൺലൈനായി പരാതി സമർപ്പിക്കാം.
ഹജ്ജ് ലീവ് നൽകൽ ഒരു നിയമ ബാധ്യതയാണ്, ഇത് ലംഘിക്കുന്ന കമ്പനിക്ക് പിഴ ലഭിക്കും.
ലീവ് ആവശ്യപ്പെടുമ്പോൾ ലിഖിതരൂപത്തിൽ ആവശ്യം വെക്കുകയും, കമ്പനിയുടെ മറുപടി ഇ-മെയിൽ അല്ലെങ്കിൽ രേഖ ആയി സൂക്ഷിക്കുകയും ചെയ്യുന്നത് ഏതെങ്കിലും തർക്കം ഉണ്ടാകുമ്പോൾ ഉപകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
