സൗദിയും ഖത്തറുമടക്കം 8 അറബ് രാജ്യങ്ങൾ ഇസ്രായേലുമായി ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്; ഇറാൻ കരാറിന് പിന്നാലെ പുതിയ നീക്കം
സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയിൽ നിർബന്ധമായും ഒപ്പുവെക്കണമെന്ന ആവശ്യവുമായി ട്രംപ്.
ഇറാനുമായുള്ള സമാധാന കരാർ ഒപ്പുവെക്കുന്നതിന് പിന്നാലെ എബ്രഹാം കരാറിൽ ഈ രാജ്യങ്ങൾ ഒപ്പുവെക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. തന്റെ ഔദ്യോഗിക ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്.
ഇറാനുമായുള്ള കരാർ ഒപ്പുവെക്കുന്നതോടൊപ്പം തന്നെ ഈ രാജ്യങ്ങളെല്ലാം ഒരേസമയം അബ്രഹാം ഉടമ്പടിയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ബന്ധപ്പെട്ട രാഷ്ട്രത്തലവന്മാരെ അറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും ഈ നീക്കത്തിലേക്ക് അമേരിക്ക ലക്ഷ്യമിടുന്നത്.
ഇതിൽ യു.എ.ഇയും ബഹ്‌റൈനും ഇതിനകം തന്നെ അബ്രഹാം ഉടമ്പടിയിൽ അംഗങ്ങളാണ്. ഉടമ്പടിയുടെ ഭാഗമാകുന്നതിൽ നിന്നും ഒന്നോ രണ്ടോ രാജ്യങ്ങൾക്ക് വ്യക്തിപരമായ എന്തെങ്കിലും കാരണങ്ങളാൽ വിട്ടുനിൽക്കേണ്ടി വന്നാൽ അത് അംഗീകരിക്കുമെന്നും, എന്നാൽ ഭൂരിഭാഗം രാജ്യങ്ങളും ഇറാനുമായുള്ള ഈ ഒത്തുതീർപ്പിനെ ചരിത്രപരമായ ഒരു സംഭവമാക്കി മാറ്റാൻ തയ്യാറാകണമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുള്ള യു.എ.ഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് സാമ്പത്തികമായും സാമൂഹികമായും ഈ കരാർ വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തതെന്നും ട്രംപ് പറഞ്ഞു.
മേഖലയിൽ യുദ്ധവും സംഘർഷങ്ങളും നിലനിൽക്കുന്ന ഈ സാഹചര്യത്തിലും ഈ രാജ്യങ്ങൾക്ക് വൻ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഒരംഗരാജ്യം പോലും ഈ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ താൽക്കാലികമായി മാറിനിൽക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടുപോലുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ കരാറിനൊപ്പം ഇസ്രായേലുമായുള്ള ബന്ധം കൂടി സാധാരണ നിലയിലാക്കാൻ ഈ രാജ്യങ്ങൾ തയ്യാറാകുന്നതോടെ പശ്ചിമേഷ്യയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
