വ്യാഴാഴ്‌ച, ജൂൺ 4, 2026
Saudi ArabiaSaudi Labour LawTop Stories

സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 9 തൊഴിൽ നിയമങ്ങൾ

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ പലരും, ഒരു കരാറിൽ ഒപ്പിടുന്നു, ജോലി ചെയ്യുന്നു, ശമ്പളം വാങ്ങുന്നു, ഇതിനപ്പുറം നിയമം എന്ത് പറയുന്നു എന്ന് അറിഞ്ഞുകൂടാത്തവരാണ്.

2024 ഓഗസ്‌റ്റിൽ അംഗീകരിക്കപ്പെടുകയും 2025 ഫെബ്രുവരി 18-ന് നടപ്പിൽ വരികയും ചെയ്ത ഭേദഗതികൾ ഉൾപ്പെടെ, സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 9 അടിസ്ഥാന കാര്യങ്ങൾ ഇതാ:

1. തൊഴിൽ കരാർ: തൊഴിലുടമയുമായി കരാറിൽ ഏർപ്പെടാതെ ഒരിക്കലും ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിക്കരുത്. 2025-ലെ ഭേദഗതി പ്രകാരം, ഖിവ പ്ലാറ്റ്‌ഫോമിൽ ഓതന്റിക്കേറ്റ് ചെയ്ത കരാറിന് കോടതി ഉത്തരവ് ഇല്ലാതെ തന്നെ നിയമ ബലമുണ്ട്. ഇത് ജോലിക്കാർക്ക് വലിയ സംരക്ഷണമാണ്.

2. പ്രൊബേഷൻ കാലയളവ്: 2025-ലെ ഭേദഗതി പ്രകാരംപ്രൊബേഷൻ കാലാവധി180 ദിവസം (6 മാസം) വരെ ആകാം. മൂന്ന് മാസത്തെ പ്രൊബേഷൻ കാലാവധി ഉഭയസമ്മതപ്രകാരം മൂന്ന് മാസം കൂടി പുതുക്കുകയോ അല്ലെങ്കിൽ കരാറിലേർപ്പെടുമ്പോൾ തന്നെ ആറ് മാസം രേഖപ്പെടുത്തുകയോ ചെയ്യാം. ഈ കാലയളവിൽ ഏതൊരു കക്ഷിക്കും കരാർ അവസാനിപ്പിക്കാം. ഒരേ ജോലിക്കാരനെ ഒരിക്കൽ മാത്രമേ പ്രൊബേഷന് വിധേയനാക്കാൻ പാടുള്ളൂ.

3. ജോലി സമയം: ഒരു ദിവസം 8 മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറും ആണ് പരമാവധി ജോലി സമയം. റമദാൻ മാസത്തിൽ 6 മണിക്കൂർ ആക്കി കുറയ്ക്കും. ഇതിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ ഓവർടൈം കൊടുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.

4. ശമ്പളം: ശമ്പളം ഒരു മാസം കഴിഞ്ഞ് 7 ദിവസത്തിനകം ലഭിച്ചിരിക്കണം. വേതന സംരക്ഷണ സംവിധാനം (WPS) വഴി ഇത് നിരീക്ഷിക്കപ്പെടുന്നുണ്ട്. ശമ്പളം തടഞ്ഞുവെക്കുന്ന കമ്പനിക്കെതിരെ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകാം.

5. വാർഷിക അവധി: ആദ്യ 5 വർഷം 21 ദിവസം ശമ്പളത്തോടു കൂടിയ വാർഷിക അവധി ലഭിക്കും. 5 വർഷം പൂർത്തിയായ ശേഷം ഇത് 30 ദിവസമാകും. ഗാർഹിക തൊഴിലാളികൾ ഒഴികെ എല്ലാ ജോലിക്കാർക്കും ഇത് ബാധകമാണ്.

6. എൻഡ് ഓഫ് സർവീസ്: ജോലി വിടുമ്പോൾ എൻഡ് ഓഫ് സർവീസ് ആനുകൂല്യം ലഭിക്കാൻ ഓരോ ജോലിക്കാരനും അവകാശമുണ്ട്. 2 വർഷം മുതൽ ജോലി ചെയ്തവർക്ക് ഇത് ക്ലെയിം ചെയ്യാം. സ്വയം പിരിഞ്ഞു പോകുകയാണെങ്കിൽ അനുകൂല്യത്തിന്റെ ഒരു ഭാഗവും, പിരിച്ചു വിടുകയാണെങ്കിൽ മുഴുവൻ തുകയും ലഭിക്കേണ്ടതാണ്.

7. ഇഖാമയും പാസ്‍പോർട്ടും കൈവശം വെക്കൽ: നിങ്ങളുടെ ഇഖാമയും പാസ്‌പോർട്ടും നിങ്ങൾ തന്നെയാണ് കൈവശം വെക്കേണ്ടത്. തൊഴിലുടമ ഇത്തരം രേഖകൾ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. ഇഖാമ പുതുക്കൽ തടഞ്ഞ് ജോലിക്കാരനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും ശിക്ഷാർഹമാണ്.

8. താമസവും ഗതാഗതവും: തൊഴിലാളികൾക്ക് താമസവും ഗതാഗത സൗകര്യവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. അല്ലെങ്കിൽ അതിന് തുല്യമായ ആനുകൂല്യം നൽകിയിരിക്കണം.

9. പരാതി ഉണ്ടെങ്കിൽ ഭയക്കേണ്ടതില്ല: MHRSD-യുടെ മുസാനെദ് ഖിവ അബ്ഷിർ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി പരാതി നൽകാം. ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യാം. പരാതി നൽകിയതിന്റെ പേരിൽ ജോലിക്കാരനെ ശിക്ഷിക്കുന്നതും നിയമ ലംഘനമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa