ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു
പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കനക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ തകർന്നു വീണു.
പതിവ് നിരീക്ഷണ പറക്കലിനിടയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിലാണോ ഹെലികോപ്റ്റർ തകർന്നത്, അതോ വല്ല സാങ്കേതിക തകരാറുമാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതിനുശേഷം ഇറാന്റെ വ്യോമാതിർത്തിക്ക് സമീപം അമേരിക്കയ്ക്ക് നഷ്ടമാകുന്ന ആദ്യ അപ്പാച്ചെ ഹെലികോപ്റ്ററാണിത്. ഇതിനു മുൻപ് അമേരിക്കയുടെ നിരവധി നിരീക്ഷണ ഡ്രോണുകളും യുദ്ധവിമാനങ്ങളും മേഖലയിൽ തകർക്കപ്പെട്ടിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി യുഎസ് അധികൃതർ സ്ഥിരീകരിച്ചു.
ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഹെലികോപ്റ്റർ തകർന്ന വിവരം ആദ്യം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
