ഡ്രൈവ് ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ സൂക്ഷിക്കുക; സൗദി മുറൂർ
വാഹനങ്ങളോടിക്കുംബോൾ നാലു കാര്യങ്ങൾ പ്രധാനമായും സൂക്ഷിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. ശ്രദ്ധ നഷ്ടപ്പെടുന്നതാണു പല അപകടങ്ങളുടെയും കാരണം. മുറൂർ ആവശ്യപ്പെട്ട ഈ നാലു കാര്യങ്ങൾ ഡ്രൈവ് ചെയ്യുംബോൾ ശ്രദ്ധിക്കുന്നത് ഏറേ ഉപകാരപ്പെടും.
ഒന്നാമതായി ഡ്രൈവ് ചെയ്യുംബോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സൂക്ഷിക്കണമെന്നാണു മുറൂർ ആവശ്യപ്പെട്ടിട്ടുള്ളത്. സൗദിയിലെ അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമതായി ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത് കൂടെ യാത്ര ചെയ്യുന്നവരുമായി സംസാരത്തിൽ വ്യാപൃതനാകുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ്. വാഹനമോടിക്കുന്നയാൾ സംസാരത്തിൽ വ്യാപൃതനായാൽ അത് ശ്രദ്ധ തെറ്റാൻ ഇടയാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും.
വാഹനമോടിക്കുന്നയാൾ പുറംകാഴ്ചകളിൽ ലയിക്കുന്നതിനെക്കുറിച്ചും മുറൂർ മൂന്നാമതായി മുന്നറിയിപ്പ് നൽകുന്നു. പുറം കാഴ്ചകൾ നോക്കി വാഹനമോടിച്ചാൽ അത് വാഹനത്തെ അപകടത്തിലേക്ക് നയിക്കുമെന്ന് തീർച്ചയാണ്.
നാലാമതായി ട്രാഫിക് വിഭാഗം ആവശ്യപ്പെടുന്നത് വാഹനമോടിക്കുന്നതിനിടെ അതിനുള്ളിലുള്ള വസ്തുക്കൾ കൈയെത്തി എടുക്കാൻ ശ്രമിക്കരുതെന്നാണ്. അങ്ങനെ ശ്രമിക്കുന്നത് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് തീർച്ചയാണ്. ഏത് രാജ്യത്തതായാലും വാഹനങ്ങളോടിക്കുമ്പോൾ സൗദി ട്രാഫിക് വിഭാഗത്തിന്റെ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് സുരക്ഷിതരാകാൻ സാധിക്കുമെന്നോർക്കുക .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa