മരുഭൂമിയിലെ കൊടും ചൂടിൽ തകര മേൽക്കൂരക്ക് കീഴെ യാതനയനുഭവിക്കുന്ന രണ്ട് മലയാളികൾ
സൗദി മരുഭൂമിയിലെ ശക്തമായ ചൂടിൽ തകര മേൽക്കൂരക്ക് കീഴെ കഴിഞ്ഞ രണ്ട് വർഷമായി നരകയാതന അനുഭവിക്കുകയാണു രണ്ട് മലയാളി സുഹൃത്തുക്കൾ. റാന്നി സ്വദേശി രവീന്ദ്രനും (66) കണ്ണൂർ സ്വദേശി അബൂബക്കറും (63) മാണു അൽ ജൗഫിൽ പ്രധാന റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലേക്കായി മാറി മരുഭൂമിയിലെ ഒരു കെട്ടിടത്തിൽ പ്രയാസപ്പെട്ട് കഴിയുന്നത്.
ഇവർ ജോലി ചെയ്യുന്ന കംബനി അടച്ച് പൂട്ടിയതിനാൽ ജോലിയും വേതനവും ലഭിക്കാതെയാണു ഇവിടെ കഴിയുന്നത്. ഇരുവരുടേയും ഇഖാമ കാലാവധിയും കഴിഞ്ഞ് പോയിട്ടുണ്ട്. കഴിഞ്ഞ 8 മാസങ്ങളായി ഇവർ താമസിക്കുന്ന കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്ക് മാത്രമാണു രാത്രി വെളിച്ചത്തിനു ആശ്രയം.
ഇവർ താമസിക്കുന്ന കെട്ടിടത്തിൻ്റെ പരിസരം പാംബുകളുടെയും ഇഴ ജന്തുക്കളുടെയും വിഹാര കേന്ദ്രം കൂടിയാണെന്നത് ഏറെ ഭീതിജനകരമാണ് .ഴിഞ്ഞ ദിവസം കൊടും വിഷമുള്ള ഒരു പാംബിനെ ഇവർ അടിച്ച് കൊന്നിരുന്നു. അത് കൊണ്ട് തന്നെ ഉയരമുള്ള തറയിലാണു വിശ്രമിക്കുന്നത്.
ചൂടിനെ നേരിടാൻ നനഞ്ഞ ചാക്ക് തറയിൽ വിരിച്ച് അതിൽ കിടക്കുകയാണു പതിവ്. രാത്രി ഇഴ ജന്തുക്കളെ പേടിച്ച് ഉറങ്ങാൻ സാധിക്കാറില്ല. ശരിക്കുറങ്ങിയിട്ട് തന്നെ ദിവസങ്ങളായി.
നേരത്തെ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന , ഇവരെപ്പോലെ കംബനി ആനുകൂല്യങ്ങൾ കിട്ടാൻ ബാക്കിയുള്ള ഷംസുദ്ദീനാണു ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുന്നത്. പുറത്ത് ജോലികൾക്കായി പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണു ശംസുദ്ധീൻ അദ്ദേഹത്തിൻ്റെ ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്. രവീന്ദ്രനും അബൂബക്കറിനും പ്രായാധിക്യവും രോഗവും കാരണം പുറത്ത് പോയി ജോലി ചെയ്യാനും സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
ഇപ്പോൾ ചൂട് കാലത്ത് അനുഭവിച്ച പോലെ കഴിഞ്ഞ ശൈത്യ കാലത്തും വലിയ പ്രയാസമാണു ഇരുവരും അനുഭവിച്ചത്. മൂന്ന് വർഷം മുംബ് ഇവരുടെ കംബനി പ്രവർത്തനം നിലച്ചത് മുതൽ ഇവരുടെ വരുമാനം നിലച്ചിരുന്നു.
സൗദിയിലെ സാമൂഹിക പ്രവർത്തകരും എംബസി അധികൃതരുമെല്ലാം ഈ വിഷയത്തിൽ ഇടപെടുമെന്നാണു കരുതുന്നത്. സാമൂഹിക പ്രവർത്തകൻ സുധീർ ഹംസ കഴിഞ്ഞ ദിവസം ഇവരെ സന്ദർശിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa