സൗദിയിൽ നിന്നും എക്സിറ്റ് വിസയിൽ പോകുന്നവർക്ക് മൂന്ന് വർഷത്തെ വിലക്കെന്ന വാർത്തയെ സംബന്ധിച്ച് ജവാസാത്ത് വിശദീകരണം നൽകി
സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റ് വിസയിൽ പുറത്ത് പോയവർക്ക് പുതിയ വിസയിൽ സൗദിയിൽ പ്രവേശിക്കണമെങ്കിൽ 3 വർഷം കഴിയണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തക്ക് സൗദി ജവാസാത്ത് അധികൃതർ ഔദ്യോഗിക വിശദീകരണം നൽകി.
നിയമ പരമായ രീതിയിൽ സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റ് വിസയിൽ പുറത്ത് പോയവർക്ക് ഏത് നിമിഷവും പുതിയ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നും ഇതിനു സമയ പരിധിയില്ലെന്നുമാണു ജവാസാത്ത് വിശദീകരിച്ചത്.
അതേ സമയം ഇഖാമ കാലാവധി കഴിഞ്ഞ് 3 ദിവസം കഴിഞ്ഞാൽ പുതുക്കാൻ വൈകിയതിനുള്ള പിഴ ഈടാക്കുമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
ഇഖാമ പുതുക്കാൻ വൈകുന്നത് ആദ്യ തവണയാണെങ്കിൽ 500 റിയാൽ പിഴയും രണ്ടാം തവണയാണെങ്കിൽ 1000 റിയാൽ പിഴയും ചുമത്തും. മൂന്നാം തവണയും വൈകിയാൽ തൊഴിലാളിയെ നാടു കടത്തുമെന്നും ജവാസാത്ത് അറിയിച്ചു.
കുടുംബ നാഥൻ സൗദിയിലും ആശ്രിതർ സൗദിക്ക് പുറത്തുമാണെങ്കിലും അവരുടെ ഇഖാമ പുതുക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് ജവാസാത്ത് വിശദീകരണത്തിൽ പറയുന്നു.
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പുറത്ത് പോയി തിരികെ വരാത്തവർക്ക് പുതിയ വിസയിൽ വരുന്നതിനു 3 വർഷത്തെ വിലക്കാണു നിലവിലുള്ളതെന്ന് ജവാസാത്ത് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഒരു പക്ഷേ ഈ വാർത്തയായിരിക്കാം എക്സിറ്റ് വിസയിൽ പോയവർക്കുള്ള വിലക്കായി ചിത്രീകരിച്ചത്.
റി എൻട്രി വിസയിൽ പോയി കാലാവധി കഴിഞ്ഞും തിരികെ വരാത്തവർക്ക് പഴയ സ്പോൺസർ തന്നെ പുതിയ വിസ അയച്ച് കൊടുക്കുകയാണെങ്കിൽ അവർക്ക് 3 വർഷത്തെ വിലക്ക് ബാധകമല്ലെന്നും ഏത് സമയവും സൗദിയിലേക്ക് വരാമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa