സൗദിയിൽ സ്‌പെഷ്യൽ ഇഖാമ നൽകിത്തുടങ്ങി
റിയാദ് : വിദേശികൾക്ക് നിരവധി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സ്പെഷ്യൽ ഇഖാമ ഫസ്റ്റ് ബാച്ച് അപേക്ഷകർക്ക് നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.

സൗദിക്കകത്ത് നിന്നും സൗദിക്ക് പുറത്ത് നിന്നുമുള്ള വിവിധ രാജ്യക്കാരായ അപേക്ഷകർക്ക് സ്പെഷ്യൽ ഇഖാമ അനുവദിച്ചിട്ടുണ്ട്.

19 രാജ്യങ്ങളിൽ നിന്നുള്ള 73 വ്യക്തികൾക്കാണു ഫസ്റ്റ് ബാച്ചിൽ സ്പെഷ്യൽ ഇഖാമ നൽകിയിട്ടുള്ളത്. അതിൽ നിക്ഷേപകരും ഡോക്ടർമാരും സൗദിയിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമെന്ന ലക്ഷ്യമുള്ളവരുമെല്ലാം ഉൾപ്പെടും.

കഴിഞ്ഞ മാസങ്ങളിലായി ആയിരക്കണക്കിനു അപേക്ഷകരാണു സ്പെഷ്യൽ ഇഖാമ ലഭിക്കാനായി അപേക്ഷകൾ സമർപിച്ചിട്ടുള്ളത്. ഇതിൽ യോഗ്യരായവർക്ക് മാത്രമാണു ഇഖാമ നൽകുന്നത്.

saprc.gov.sa എന്ന വെബ്സൈറ് വഴി സ്‌പെഷ്യൽ ഇഖാമ ലഭിക്കാൻ ആർക്കും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിച്ചവരിൽ നിന്ന് യോഗ്യരായവരെ അധികൃതർ തെരഞ്ഞെടുക്കും.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആവശ്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് വിദേശികൾക്ക് നിശ്ചിത ഫീസ് അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇഖാമ അനുവദിക്കുന്നതിന് സൗദി മന്ത്രി സഭ അനുമതി നൽകിയത്.

പരിധിയില്ലാതെ സൗദിയിൽ താമസാനുമതി നൽകുന്ന സ്‌പെഷ്യൽ ഇഖാമക്ക് 8 ലക്ഷം റിയാലും ഒരു വർഷം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതുക്കാവുന്ന സ്‌പെഷ്യൽ ഇഖാമക്ക് 1 ലക്ഷം റിയാലുമാണ് ഫീസ്. സൗദികൾക്ക് മാത്രം ലഭ്യമായിരുന്ന നിരവധി ആനുകുല്യങ്ങളാണ് സ്‌പെഷ്യൽ ഇഖാമ കരസ്ഥമാക്കുന്നതിലൂടെ വിദേശികൾക്ക് ലഭ്യമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
