സൗദികളില്ലാത്ത സ്ഥാപനങ്ങൾക്കും വിസ അനുവദിക്കും; ആകർഷകമായ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദി ജീവനക്കാരില്ലാത്ത സ്ഥാപനങ്ങൾക്കും പ്രാരംഭ ഘട്ടത്തിൽ വിസകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്. പുതിയ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുകയാണു ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.
ഒരു സൗദി പൗരൻ പോലുമില്ലാത്ത സ്ഥാപനങ്ങൾക്കും പ്രാരംഭ ഘട്ടത്തിൽ വിസ അനുവദിക്കുന്ന പദ്ധതി അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹിയാണു അറിയിച്ചത്.
വിസ അനുവദിച്ച് ആദ്യത്തെ 12 മാസം സൗദികളെ നിയമിക്കാതെ തന്നെ സ്ഥാപനങ്ങൾക്ക് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കും. പിന്നീട് നിതാഖാത്ത് പ്രകാരമുള്ള സൗദിവത്ക്കരണം പൂർത്തിയാക്കണം.
സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിനായി കഴിഞ്ഞ മാസങ്ങളിൽ 68 പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. 32 പുതിയ പദ്ധതികൾ നടപ്പാക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിൽ സൗദി യുവതീ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണു മന്ത്രാലയം ലക്ഷ്യമാക്കുന്നത്. ആരോഗ്യ കാർഷിക മേഖലയിൽ 55,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa