സൗദിയിൽ പാകിസ്ഥാനികളെ വ്യാപകമായി പിടി കൂടി നാടു കടത്തുന്നുവെന്ന വാർത്ത കോൺസുലേറ്റ് നിഷേധിച്ചു
ജിദ്ദ: മക്ക പ്രവിശ്യയിൽ പാകിസ്ഥാനികളെ വ്യാപകമായി അറസ്റ്റ് ചെയ്ത് നാടു കടത്തുന്നതായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത ജിദ്ദയിലെ പാകിസ്ഥാൻ കോൺസുലേറ്റ് നിഷേധിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാൻ അധികൃതരുമായി തങ്ങൾ ബന്ധപ്പെട്ടുവെന്നും സാധാരണ നടക്കാറുള്ള പരിശോധനകളാണു നടക്കുന്നതെന്നും എല്ലാ രാജ്യങ്ങളിലുമുള്ള അനധികൃതരായ വിദേശികളെയും പിടി കൂടുന്നുണ്ടെന്നും അധികൃതർ അറിയിച്ചതായി കോൺസുലേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി ഇഖാമ എക്സ്പയർ ആയവരെയും അനധികൃതമായി തങ്ങുന്നവരെയും ഇഖാമയി നിർദ്ദേശിച്ച പ്രഫഷനുകളിലല്ലാതെ ജോലി ചെയ്യുന്നവരെയും സൗദിവത്ക്കൃത പ്രഫഷനുകളിൽ ജോലി ചെയ്യുന്നവരെയുമാണു പരിശോധനകളിൽ ലക്ഷ്യമാക്കുന്നത്.
കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ മാത്രം 400 അനധികൃതരായ പാകിസ്ഥാനികളെ പിടി കൂടി ശുമൈസി ഡീപോർട്ടേഷൻ സെൻ്ററിൽ എത്തിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
എല്ലാ രാജ്യങ്ങളിലും പെട്ട അനധികൃതരായ വിദേശികളെ പരിശോധനകളിൽ പിടി കൂടുന്നുണ്ടെന്നും എന്നാൽ ഇത് പാകിസ്ഥാനികളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തി തികച്ചും നിരർഥകമാണെന്നും ഗൂഡ ലക്ഷ്യം വെച്ചുള്ളതാണെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa