വാടക കരാർ പുതുക്കുമ്പോൾ അധിക നിരക്ക് പാടില്ലെന്ന് മുന്നറിയിപ്പ്
ദുബായ്: വാടക കരാർ പുതുക്കുമ്പോൾ അധിക നിരക്ക് ഈടാക്കുന്നത് വിലക്കി ദുബായ് കെട്ടിട വാടക തർക്ക പരിഹാര സമിതി.വാടകയോടൊപ്പം ഏതെങ്കിലും സേവനങ്ങളുടെ പേരിൽ അധിക നിരക്ക് ഈടാക്കുന്നതും നിയമലംഘനമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
അധിക നിരക്കുകൾ ഈടാക്കുന്നതിനായി കെട്ടിട വാടക കരാറുകളിൽ അനുബന്ധ കാര്യങ്ങൾ എഴുതി ചേർക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.
പാർപ്പിട കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് കമ്പനികളും കരാർ പുതുക്കുന്ന സമയത്ത് അധിക നിരക്കുകൾ ഈടാക്കുന്നതായുള്ള പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
കെട്ടിടം അടിക്കടി മാറുന്നത് വാടക താമസക്കാർ താല്പര്യപ്പെടുന്നില്ലെന്നത് മുതലെടുത്താണ് ഇത്തരം അധിക ചാർജ്ജുകൾ ഈടാക്കുന്നതെന്ന് താമസക്കാർ പരാതികളിൽ പറയുന്നു.
അധിക നിരക്കോ കമ്മീഷനോ കൈപറ്റുന്നവർ കരാറിൽ അത് വ്യക്തമാക്കണം. എന്നാൽ തന്നെയും കരാർ തുടക്കത്തിൽ മാത്രമാണ് ഈ തുക ഈടാക്കേണ്ടത്. ഓരോ തവണ കരാർ പുതുക്കുമ്പോഴും നിശ്ചിത തുകയിൽ നിന്നും അധികം കൈപറ്റുന്നത് നിയമലംഘനമാണ്. മാത്രമല്ല, അധിക തുക നൽകാത്ത കാരണം താമസം ഒഴിപ്പിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലും ചില വ്യക്തികൾക്കിടയിലും കെട്ടിട കരാറുകൾ പുതുക്കുമ്പോൾ അമിത നിരക്ക് ഈടാക്കുന്നത് പതിവായിട്ടുണ്ടെന്ന് ദുബായ് കെട്ടിട വാടക തർക്കപരിഹാര സമിതി തലവൻ ജഡ്ജി അബ്ദുൽ ഖാദർ മൂസ പറഞ്ഞു.
എമിറേറ്റിൽ പുതിയ കെട്ടിട വാടക നിയമം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെട്ടിട ഉടമകൾ അധികനിരക്ക് ഈടാക്കുന്നത് തടയുന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉണ്ടാകുമെന്ന് സൂചന നൽകി.
അതേസമയം അജ്മാനിൽ കെട്ടിട വാടക കരാറുകൾ പുതുക്കുന്നതിനായി സ്വദേശികൾക്ക് ഫീസില്ല. സ്വദേശികൾക്ക് വാടകയിനത്തിലുണ്ടാകുന്ന അധിക ചെലവ് കുറക്കുന്നതിനായാണ് നഗരസഭാ നിരക്കിൽ ഇളവ് നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa