Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ പോയ ഫാമിലിയെ അബുദാബിയിൽ തടഞ്ഞപ്പോൾ റിയാദ് ഇന്ത്യൻ എംബസിയിൽ വിളിച്ച് സഹായം തേടിയ പ്രവാസിക്കുണ്ടായത് മോശം അനുഭവം

റിയാദ്: കൊറോണ വൈറസ് പകരുന്നത് തടയുന്നതിനായി വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് താത്ക്കാലികമായി വിലക്കിയതിനെത്തുടർന്ന് വിസിറ്റിംഗ് വിസയിൽ സൗദിയിലേക്ക് പോകുകയായിരുന്ന തൻ്റെ ഫാമിലിയെ അബുദാബിയിൽ വെച്ച് മടക്കിയ അനുഭവം ഒരു പ്രവാസി സുഹൃത്ത് പ്രവാസി ടുഡേയുമായി പങ്ക് വെച്ചു.

ഉംറ തീർത്ഥാടകർക്ക് പുറമെ കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസയിൽ വരുന്നവർക്കും സൗദിയിലേക്ക് പ്രവേശന വിലക്ക് ബാധകമായിരുന്നു.

ഇത് പ്രകാരം രാവിലെ ഇന്ത്യയിലെ സൗദി എയർവേസ് അധികൃതർ വിസിറ്റ് വിസക്കാർക്കും വിലക്ക് ബാധകമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉച്ചക്ക് ശേഷം സൗദി എയർവേസ് അധികൃതർ തന്നെ ഫാമിലി, ബിസിനസ്-വിസിറ്റ് വിസക്കാർക്കും തൊഴിൽ വിസക്കാർക്കും വിലക്കില്ലെന്ന് തിരുത്തി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ സർക്കുലർ അബുദാബിയിലെ വിമാനത്താവളത്തിലെ ട്രാവൽ ഏജൻ്റുമാർക്ക് കാണിച്ചുവെങ്കിലും അവർ സൗദിയിലേക്ക് പ്രവേശിക്കാനാകില്ലെന്നും തിരുത്തിയ സർക്കുലർ അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണു പറഞ്ഞതെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചു.

തുടർന്ന് ഈ വിഷയത്തിൽ സംശയം ആരായാനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ വിളിച്ചപ്പോൾ ഫോണെടുത്ത ഉദ്യോഗസ്ഥൻ തീർത്തും നിരുത്തരവാദിത്വപരമായാണു പെരുമാറിയതെന്നും ഇതൊന്നും തൻ്റെ ജോലിയല്ലെന്നും സൗദി എംബസിയിൽ വിളിച്ച് അന്വേഷിക്കൂ എന്നാണു മറുപടി തന്നതെന്നും പ്രവാസി സുഹൃത്ത് പറയുന്നു. ഒരിന്ത്യക്കാരനായ തൻ്റെ സംശയം തീർക്കാൻ തൻ്റെ രാജ്യത്തിൻ്റെ എംബസിക്ക് സാധിക്കുന്നില്ലെന്നത് തീർത്തും അപലനീയമായ കാര്യമാണെന്ന് പ്രവാസി സുഹൃത്ത് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്