സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ പോകുന്നവരെ ചില വിമാനക്കംബനികൾ ഇപ്പോഴും ഒഴിവാക്കുന്നതായി പരാതി
കരിപ്പൂർ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ഉംറക്കാർക്കും കൊറോണ ഗുരുതരമായി ബാധിച്ച രാജ്യത്തെ ടൂറിസ്റ്റ് വിസക്കാർക്കും മാത്രമാണു സൗദിയിലേക്ക് പ്രവേശന വിലക്ക് എന്നിരിക്കെ ഫാമിലി വിസിറ്റിംഗ് വിസയിൽ പോകാനെത്തുന്ന കുടുംബങ്ങളെ ചില വിമാനക്കംബനികൾ ഇപ്പോഴും ഒഴിവാക്കുന്നതായി പരാതി.
സൗദി എയർവേസും ഫ്ളൈനാസും അടക്കമുള്ള പല വിമാനക്കംബനികളും വിസിറ്റിംഗ് വിസയിലുള്ളവരുമായി സൗദിയിലേക്ക് പറക്കുകയും യാത്രക്കാർ ഒരു പ്രയാസവുമില്ലാതെ സൗദിയിൽ ഇറങ്ങുകയും ചെയ്ത റിപ്പോർട്ടുകൾ ഉണ്ടായിട്ടും ചില കംബനികൾ മാത്രം വിസിറ്റിംഗ് യാത്രക്കാരെ അവഗണിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാകുന്നില്ല.
ഇന്ന് രാവിലെ ഇത് സംബന്ധിച്ച് സംശയം തീർക്കാനായി ‘പ്രവാസി ടുഡേ’ കാലിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലേക്ക് ഫോൺ ചെയ്തു നോക്കിയപ്പോൾ വിസിറ്റിംഗ് വിസക്കാരെ എയർ ഇന്ത്യ എക്സ്പ്രസിൽ സൗദിയിലേക്ക് കൊണ്ട് പോകുന്നില്ലെന്നാണു മറുപടി ലഭിച്ചത്.
ഉംറ വിസക്കാർക്കും കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസക്കാർക്കും മാത്രമാണു നിലവിൽ സൗദിയിലേക്ക് പ്രവേശന വിലക്ക് എന്നത് വ്യക്തമായിട്ടും ചില വിമാനക്കംബനികൾ മാത്രം ഇങ്ങനെ പെരുമാറുന്നത് നിരവധി പേർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അതേ സമയം നിലവിൽ അവധി കഴിഞ്ഞ് മടങ്ങുന്നവർക്കോ പുതിയ തൊഴിൽ വിസയിൽ വരുന്നവർക്കോ ഫാമിലി വിസയിലുള്ളവർക്കോ ഒന്നും സൗദിയിലേക്ക് പ്രവേശന വിലക്കില്ല എന്ന് അറിയുക. നിരവധി സുഹൃത്തുക്കളാണു ഇത് സംബന്ധിച്ച് സംശയം ചോദിച്ച് പ്രവാസി ടുഡേയുമായി ബന്ധപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa