സൗദിയിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ കാൻസൽ ചെയ്യൽ ആരംഭിച്ചു
കരിപ്പൂർ: മൂന്ന് ജി സി സി രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള യാത്രകൾ വിലക്കിയതോടെ സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്കുള്ള മൂന്ന് ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾ ഔദ്യോഗികമായി കാൻസൽ ചെയ്യാൻ തുടങ്ങി.
ബഹ്രൈൻ വഴി സൗദിയിലേക്ക് പോകുന്ന ഗൾഫ് എയർ വിമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാൻസൽ ചെയ്തതായി ഗൾഫ് എയറിൻ്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചിട്ടുണ്ട്.
യു എ ഇയുടെ ഇതിഹാദ് എയർവേസ് അബുദാബിയിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും കാൻസൽ ചെയ്തതായി പ്രസ്താവനയിറക്കി. ദിനം പ്രതി അബുദാബിയിൽ നിന്നും സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്കായി 12 സർവീസുകളാണു ഇതിഹാദ് നടത്തുന്നത്.
ഇന്ന് പുലർച്ചെ സൗദിയിലേക്ക് നിരോധനം വന്ന സമയത്ത് 4 വിമാനങ്ങൾ സൗദിയിലേക്കുള്ള യാത്രയിലായിരുന്നു. തുടർന്ന് സൗദിയിൽ ലാൻ്റ് ചെയ്ത വിമാനങ്ങളിൽ നിന്ന് സൗദി പൗരന്മാരെ മാത്രം പുറത്തിറക്കി ബാക്കി യാത്രക്കാരെ തിരിച്ചയക്കാൻ വേണ്ടി വിമാനത്തിൽ തന്നെ ഇരുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൗദി അധികൃതരിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഫ്ളൈ ദുബായിയുടെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഈ മാസം 12 വരെ കാൻസൽ ചെയ്തതായി ഫ്ളൈ ദുബായിയും അറിയിച്ചു.
മറ്റു ഗൾഫ് വിമാനക്കംബനികളായ എയർ അറേബ്യ , എമിറേറ്റ്സ്,കുവൈത്ത് എയർവേസ് തുടങ്ങിയവയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്.
കൊറോണ-കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി യു എ ഇ, ബഹ്രൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം 9 രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ ഇന്ന് പുലർച്ചെയായിരുന്നു യാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa