സൗദിയിൽ 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതലും മക്കയിലും റിയാദിലും.
ജിദ്ദ: സൗദിയിൽ പുതുതായി 119 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
ഇതിൽ 72 പേർക്കും സ്ഥിരീകരിച്ചത് മക്കയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ്. ഇവർ നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരായിരുന്നു.
റിയാദിൽ നിന്നുള്ള 34 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഖതീഫിൽ 4 ഉം കോബറിലും അൽ അഹ്സയിലും 3 ഉം ദഹ്രാനിലും ഖസീമിലും ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ക്വാറൻ്റ്റൈനിൽ ആണുള്ളത്. വൈറസ് ബാധിച്ചവരിൽ അധികവും മറ്റുള്ളവരുമായി ഇടപഴകിയിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
വീടുകളിൽ തന്നെ കഴിയണമെന്ന അധികൃതരുടെ ആഹ്വാനം പൗരന്മാരും വിദേശികളും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ആവശ്യപ്പെട്ടു.
ചുമ, ശക്തിയായ പനി, ശ്വാസ തടസ്സം എന്നിവ ഉണ്ടായാൽ വീടുകളിൽ തന്നെ സ്വയം ഐസൊലേഷനിൽ കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതുതായി 119 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരുടെ എണ്ണം 511 ആയി ഉയർന്നിരിക്കുകയാണ്. അതേ സമയ ഇത് വരെ 17 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa