തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഇത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കൽ; യു എ ഇ ഏവിയേഷൻ അതോറിറ്റി വിശദീകരണം നൽകി.

ദുബായ്: സ്പെഷ്യൽ പാലായന വിമാന സർവീസുകളും, ചരക്ക് വിമാനങ്ങളും ഒഴികെ യുഎഇയിലേക്കും പുറത്തേക്കും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.

എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സും യാത്രക്കാർക്കായുള്ള സർവ്വീസുകൾ പുനരാരംഭിക്കും എന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ്‌ അതോറിറ്റിയുടെ വിശദീകരണം.

കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമടക്കം വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ചില പത്രങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി യു‌എ‌ഇയിക്ക്‌ അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാർക്കായുള്ള പാസഞ്ചർ വിമാനങ്ങളും യൂറോപ്യൻ രാജ്യങ്ങളടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്കും മറ്റ്‌ പ്രമുഖ രാജ്യങ്ങളിലേക്കുമുള്ള ട്രാൻസിറ്റ്‌ യാത്രക്കാർക്കായുള്ള സർവ്വീസുകളും നിർത്തിവയ്ക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് ജിസി‌എ‌എ സ്ഥിരീകരിച്ചു.

ഇന്നുവരെ, യു‌എഇയിലെ വിമാനക്കമ്പനികൾ‌ ഇവാക്വേഷൻ സർവ്വീസുകളും ചരക്ക് വിമാനങ്ങളുടെ ഓപറേഷൻസും‌ മാത്രമേ നടത്തിയിരുന്നുള്ളു‌, എന്നാൽ വ്യാഴാഴ്ച ചില പാസഞ്ചർ‌ ഫ്ലൈറ്റുകൾക്ക്‌ സർവ്വീസുകൾ പുനരാരംഭിക്കുന്നതിനായുള്ള അനുമതി ലഭിച്ചിരുന്നു.‌

ഏപ്രിൽ 6 മുതൽ എമിറേറ്റ്സ് ദുബായിൽ നിന്ന് ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, ബ്രസ്സൽസ്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകും എന്നറിയിച്ചിരുന്നു. ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും മറ്റ് നഗരങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് വിമാന സർവ്വീസുകളുമുണ്ടാകുമെന്നാണ്‌ അധികൃതർ അറിയിച്ചിരുന്നത്‌‌.

അതേസമയം, ഏപ്രിൽ 5 മുതൽ ഇത്തിഹാദ് എയർവേയ്‌സ് ഏഴ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുമെന്നും പറഞ്ഞിരുന്നു. വിമാന സർവ്വീസുകൾ പുനരാരംഭിച്ചുകഴിഞ്ഞാൽ ആദ്യത്തെ സർവ്വീസ്‌ സിയോൾ ഇഞ്ചിയോണിലേക്കാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഒപ്പം തന്നെ മെൽ‌ബൺ, സിംഗപ്പൂർ, മനില, ബാങ്കോക്ക്, ജക്കാർത്ത, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കു കൂടെ സർവ്വീസുകൾ തുടരാനും തീരുമാനമായിരുന്നു.

ആരോഗ്യ-പ്രതിരോധ മന്ത്രാലയം നിഷ്കർഷിക്കുന്ന ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം യുഎഇ നിവാസികളെയും അതത് രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകരെയും വഹിക്കുന്ന യാത്രാ വിമാനങ്ങൾ മാത്രമേ താൽക്കാലികമായി അനുവദിച്ചിട്ടുള്ളൂ എന്ന് ജിസിഎഎ വെള്ളിയാഴ്ച അടിവരയിട്ടുപറഞ്ഞിട്ടുണ്ട്‌.

രണ്ട്‌ ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾ സർവ്വീസുകൾ പുനരാരംഭിക്കുകയാണെന്ന വാർത്ത. കോവിഡ്‌ 19 സംബന്ധമായ എല്ലാ പ്രതിസന്ധികളും കൈപ്പിടിയിലൊതുങ്ങിയെന്ന യു എ ഇ യിലെ വിദേശികളുടേയും സ്വദേശികളുടേയും ആശ്വാസമാണ് ജി സി എ എ യുടെ പുതിയ പ്രസ്താവന കെടുത്തി കളഞ്ഞത്‌. എന്തായാലും ശുഭാപ്തി വിശ്വാസത്തോടെ എല്ലാം പഴയതു പോലെയാവാൻ കാത്തിരിക്കുകയാണ്‌ ജനങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group