ജനിച്ച് നാലാം ദിവസം കൊറോണ ബാധിച്ച പിഞ്ചു കുഞ്ഞ് ആശുപത്രി വിട്ടു; സൗദിയിൽ നിന്ന് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന വാർത്ത
ജിദ്ദ: കൊറോണ കോവിഡ്19 ഭീതി പലരെയും പിടികൂടിയ ഈ സാഹചര്യത്തിൽ ഏറെ ആത്മാവിശ്വാസവും ആഹ്ളാദവും പകരുന്ന ഒരു കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം സൗദിയിലെ മാധ്യമങ്ങളിൽ കാണാൻ സാധിച്ചത്.
റിയാദിലെ അൽ ദവാദ്മിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദിവസങ്ങൾ മാത്രം പ്രായമായ ഒരു പിഞ്ചു കുഞ്ഞിനെ രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് പോകുന്ന രംഗം സൗദിയിലെ സോഷ്യൽ മീഡീയകളിൽ വൈറലായി മാറിയിരുന്നു.
ഖാലിദ് എന്ന പേരുള്ള പിഞ്ചു കുഞ്ഞിനെ ജനിച്ച് നാലാം ദിവസമായിരുന്നു കോവിഡ്19 വൈറസ് ബാധയേറ്റതിനെത്തുടർന്ന് ദവാദ്മിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസുഖം ഭേദമായതിനെത്തുടർന്ന് പ്രത്യേക ആംബുലൻസ് മുഖേനയാണു കുഞ്ഞിനെ വീട്ടിലേക്ക് തിരിച്ച് അയച്ചത്. ചികിത്സാ നടപടികളുടെ ഭാഗമായി കുറച്ച് ദിവസം ഹോം ഐസൊലേഷനിലായിരിക്കും ഇനി കുട്ടി കഴിയുക.
സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ പരിപാലനത്തിലും സുരക്ഷയിലും പ്രത്യേക താത്പര്യമെടുക്കുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ ദവാദ്മി ജനറൽ ഹോസ്പിറ്റൽ മേധാവി അഹ്മദ് ബിൻ ബജാദ് അറഖീമി സൗദി ആരോഗ്യ മന്ത്രിയുടെ സമയോചിത നിർദ്ദേശങ്ങൾക്കും ആശുപത്രി ജീവനക്കാർക്കും പ്രത്യേകം കടപ്പാട് അറിയിച്ചു.
ദവാദ്മിയിലെ എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ആശുപത്രിയുടെ എല്ലാ പിന്തുണയും സേവനവും അഹംദ് ബിൻ ബജാദ് വാഗ്ദാനം ചെയ്തു.
രോഗ പ്രതിരോധ ശേഷി തീരെ കുറഞ്ഞ കുട്ടികളിൽ പോലും കോവിഡ്19 ബാധിച്ചിട്ടും യഥാ സമയം ചികിത്സ ലഭിക്കുന്നത് രോഗം ഭേദമാക്കുന്നുണ്ടെന്നതിനു തെളിവാണു ഈ പിഞ്ചു കുഞ്ഞിൻ്റെ അസുഖം ഭേദമായ സംഭവം.
പ്രവാസ ലോകത്തെ സഹോദരങ്ങൾ രോഗ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രികളിൽ ചെന്ന് പരിശോധനക്ക് വിധേയരാകുന്നത് വൈറസ് ബാധയേറ്റിട്ടുണ്ടെങ്കിൽ പോലും നല്ല ചികിത്സ വേഗത്തിൽ ലഭിക്കുന്നതിനും രോഗം ഭേദമാകുന്നതിനും സഹായിക്കുമെന്ന് ഓർക്കുക.
അതോടൊപ്പം സംഘം ചേരുന്നതിൽ നിന്ന് ഒഴിവാകുകയും കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്നത് വൈറസ് ബാധയേൽക്കാതെ സംരക്ഷിക്കുകയും ചെയ്യും. ‘ഓർക്കുക: ജാഗ്രതയാണു വേണ്ടത്, ഭീതിയല്ല.’
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa