അബ്ഷിർ ഇല്ലാത്തവർക്ക് മറ്റൊരാളുടെ അബ്ഷിർ വഴി ഇഖാമ കാലാവധി പരിശോധിക്കാൻ സാധിക്കുന്ന വിധം അറിയാം
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകുന്ന സംവിധാനമായ അബ്ഷിറിനു പ്രത്യേക വെബ്സൈറ്റ് തുടങ്ങിയ ശേഷം അബ്ഷിറിൽ ലോഗിൻ ചെയ്യാതെ ഇഖാമ കാലാവധി പരിശോധിക്കാനുള്ള അവസരം ഇല്ലാതായിരിക്കുകയാണ്.
അതേ സമയം നിരവധി പ്രവാസികൾ ഇപ്പോഴും അബ്ഷിർ അക്കൗണ്ട് ഓപൺ ചെയ്യാതിരിക്കുന്നത് മൂലം സ്വന്തം ഇഖാമ കാലാവധി അറിയാൻ എന്താണു മാർഗമെന്ന് പലപ്പോഴും ചോദിക്കുന്നതായി കാണുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലുള്ളവരുടെയും അവധിക്ക് പോയവരുടെയും ഇഖാമകൾ സൗദി ഗവണ്മെൻ്റ് സൗജന്യമായി 3 മാസത്തേക്ക് പുതുക്കി നൽകിയപ്പോൾ നിരവധി സുഹൃത്തുക്കളാണു മെസ്സേജിലൂടെ ഇഖാമ കാലാവധി പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിച്ചത്. പലർക്കും അബ്ഷിർ ഉണ്ടെങ്കിലും നാട്ടിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കാത്തതിനാലും ഇഖാമ കാലാവധി അറിയാനായി ബന്ധപ്പെട്ടിരുന്നു.
നിലവിൽ മറ്റൊരാളുടെ ഇഖാമ കാലാവധിയും അബ്ഷിർ ഉള്ളയാൾക്ക് പരിശോധിക്കാൻ സാധിക്കുമെങ്കിലും പലർക്കും എങ്ങനെയാണു അത് പരിശോധിക്കുന്നത് എന്നറിയില്ല എന്നതിനാൽ താഴെ വിവരിക്കുന്ന രീതി മനസ്സിലാക്കുന്നത് ഉപകാരപ്പെടും.
അബ്ഷിർ ആപ് വഴി മറ്റൊരാളുടെ ഇഖാമ കാലാവധി പരിശോധിക്കുന്ന രീതിയാണു താഴെ വിവരിക്കുന്നത്.
അബ്ഷിർ ആപിൽ ലോഗിൻ ചെയ്യുംബോൾ കാണുന്ന ഇ-എൻക്വയറീസ് എന്ന ടൈറ്റിലിനു താഴെയായി കാണുന്ന പാസ്പോർട്സ് എന്ന ഐകണിൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ കാണുന്ന ഐക്കണുകളിൽ നിന്ന് ക്വയറി ഇഖാമ എക്സ്പയറി സർവീസ് എന്നെഴുതിയതിൽ ക്ളിക്ക് ചെയ്യുക.
ശേഷം കാണുന്ന കോളത്തിൽ ഇഖാമ നംബറും അപ്പോൾ തെളിയുന്ന ഇമേജ് കോഡും എൻ്റർ ചെയ്താൽ ഇഖാമാ കാലാവധി മനസ്സിലാക്കാൻ സാധിക്കും.
നിലവിൽ മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്ന ഗാർഹിക തൊഴിലാളികളല്ലാത്ത എല്ലാവരുടെയും ഇഖാമകൾ 3 മാസം സൗജന്യമായി നീട്ടി നൽകുന്നുണ്ട്.
സ്വന്തമായി അബ്ഷിർ ഇല്ലാത്തവർക്കും അബ്ഷിറിൽ നാട്ടിൽ നിന്ന് ലോഗിൻ ചെയ്യാൻ സാധിക്കാത്തവർക്കും ഇഖാമകൾ പുതുക്കിയെന്ന് ഉറപ്പ് വരുത്തുന്നതിനായി സുഹൃത്തുക്കളുടെ അബ്ഷിർ വഴി പരിശോധിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa