സൗദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല; കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതിൻ്റെ കാരണങ്ങൾ ഇവയാണ്
ജിദ്ദ: സൗദിയിൽ പുതുതായി 762 പേർക്ക് കൊറോണ ബാധിച്ച റിപ്പോർട്ട് കണ്ട് പലരും ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് കാണാൻ സാധിച്ചു. എന്നാൽ ഈ വർധനവിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണു ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ നിന്ന് മനസ്സിലാകുന്നത്.
കാരണം ഈ ദിവസങ്ങളിൽ കണ്ടെത്തിയ കേസുകളുടെ വർദ്ധനവ് ആരോഗ്യ മന്ത്രാലയം പ്രയോഗിച്ച മുൻകരുതൽ, പ്രതിരോധ നടപടികളുടെ പുതിയ രീതികളുടെ ഫലമാണ്. ഇതിൻ്റെ ഭാഗമായി ആളുകളുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് പരിശോധനകൾ നടത്തുകയാണു കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തിട്ടുള്ളത്.
അതോടൊപ്പം ഫീൽഡ് പരിശോധനകൾ വാഹനങ്ങളിൽ വെച്ച് തന്നെ നിർവ്വഹിക്കുന്നുമുണ്ട്. ഇത് മൂലം ആളുകൾക്ക് ഹോസ്പിറ്റലുകളിൽ ചെല്ലാതെ തന്നെ വൈറസ് ബാധയ ഉറപ്പിക്കാൻ സാധിക്കും. ഇത്തരം സ്‌പീഡ് പരിശോധനകളും രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്താൻ കാരണമായിട്ടുണ്ട്.
പുതിയ രീതി അവംബിച്ചത് പ്രതിസന്ധി നിയന്ത്രിക്കാനും വൈറസ് പടരുന്നതിനെ ഇല്ലാതാക്കാനും സഹായിക്കുമെന്ന് ഉറപ്പാണ്. കാരണം കേസുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഐസൊലേഷനും പരിചരണവും വൈറസിന്റെ വ്യാപനം തടയുന്നതിന് കാരണമാകുന്നു.
ആരോഗ്യ മന്ത്രാലയം സജീവ സർവേ ടീമുകളെ ഇരട്ടിയാക്കുകയും ഈ ദിവസങ്ങളിൽ പല മേഖലകളിലും മുൻകരുതൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. പുതിയ പദ്ധതി പ്രകാരം ആരോഗ്യ പ്രവർത്തകർ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെത്തി പരിശോധനകൾ വർദ്ധിപ്പിക്കുകയും ദൈനംദിന ലബോറട്ടറി പരിശോധനകളുടെ ശേഷി വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ലബോറട്ടറികളിൽ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ചുരുക്കത്തിൽ സമീപ ദിനങ്ങളിൽ വൈറസ് ബാധയേറ്റവരുടെ എണ്ണത്തിൽ വർധനവ് ഇനിയും കാണാൻ സാധിക്കുമെങ്കിലും മുഴുവൻ വൈറസ് ബാധിതരെയും പെട്ടെന്ന് തന്നെ കണ്ടെത്താനും ചികിത്സ നൽകാനും സാധിക്കുമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണു മനസ്സിലാക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa