ഒരു ചെറിയ റൂമിൽ തിങ്ങിത്താമസിക്കേണ്ടി വന്നത് വിദേശ തൊഴിലാളികളുടെ കുറ്റമല്ല; പ്രവാസികൾക്ക് പിന്തുണയുമായി സൗദി രാജകുമാരൻ
ജിദ്ദ: കൊറോണ ബാധിച്ച സൗദിയിലെ വിദേശ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ കമൻ്റുകളിട്ടവരെ അതി ശക്തമായ രീതിയിൽ വിമർശിച്ച് അബ്ദുറഹ്മാൻ ബിൻ മുസാഅദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ.
രാജകുമാരൻ്റെ പ്രസ്താവന ഇങ്ങനെ വായിക്കാം: ”80 ശതമാനം രോഗ ബാധിതരും വിദേശ തൊഴിലാളികളാണ്. എന്നാൽ ‘അത് ഞങ്ങൾ കൊണ്ട് വന്നതല്ല; അവർ കൊണ്ട് വന്നതാണു എന്ന തരത്തിൽ കുറ്റപ്പെടുത്തുന്ന’ കമൻ്റുകൾ ചിലരിൽ നിന്നും ഉണ്ടായതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
ആരെങ്കിലും മന:പൂർവ്വം ഉണ്ടാക്കുന്നതാണോ കൊറോണ? തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ വെച്ചാണു കൂടുതൽ വൈറസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇരുപത് തൊഴിലാളികൾ ഒരു ചെറിയ റൂമിൽ താമസിക്കുന്ന അവസ്ഥയാണുള്ളത്. അത് ഒരിക്കലും അവരുടെ തെറ്റല്ല”, രാജകുമാരൻ പ്രസ്താവിച്ചു.
രാജകുമാരൻ്റെ ഇടപെടലിനു സോഷ്യൽ മീഡിയയിൽ അതി ശക്തമായ പിന്തുണയാണു ലഭിക്കുന്നത്. രാജ്യത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുകയും അവ പരിഹരിക്കുകയും ചെയ്യണമെന്ന ആഹ്വാനവും നിരവധിയാളുകൾ ഉയർത്തി.
തൊഴിലാളികളുടെ താമസ സ്ഥലത്തെ അവസ്ഥ പരിഹരിക്കുന്നതിനായി അവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ സൗദി അധികൃതർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം സ്കൂളൂകളടക്കം പ്രത്യേക താമസ സ്ഥലങ്ങൾ ഒരുക്കിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa