ഈ നേട്ടം പ്രതീക്ഷ നൽകുന്നത്; ഒരാഴ്ചക്കിടെ സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയത് 8000 ത്തിലധികം പേർ
ജിദ്ദ: കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുംബോഴും സൗദിയിൽ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്നതിൽ സംശയമില്ല.
കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ മാത്രം സൗദിയിൽ കൊറോണയിൽ നിന്നും മുക്തരായവരുടെ എണ്ണം 8261 ആണെന്നത് സൗദി ആരോഗ്യ വകുപ്പ് നൽകുന്ന പരിചരണത്തിൻ്റെ മികവ് തന്നെയാണെന്ന് പറയാം.
ഇന്ന് വരെ 41,014 കൊറോണ കേസുകളാണു സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ അതിൽ 12,737 പേരും രോഗത്തിൽ നിന്നും മുക്തി നേടിക്കഴിഞ്ഞു.
അതോടൊപ്പം സൗദിയിലെ മരണ നിരക്ക് വളരെ കുറവാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. ഇത് വരെ 255 കൊറോണ രോഗികൾ മാത്രമാണ് രാജ്യത്ത് മരണപ്പെട്ടത്. അതിൽ തന്നെ ഭൂരിപക്ഷം പേരും നേരത്തെ മാറാ വ്യാധികളോ മറ്റു അസുഖങ്ങളോ ഉള്ളവരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്ന് നാം ധരിക്കുന്ന ലോകത്തെ നിരവധി വികസിത രാജ്യങ്ങൾ പോലും കൊറോണ മരണ നിരക്കിന് മുമ്പിൽ അമ്പരന്ന് നിൽക്കുമ്പോഴാണ് സൗദി അറേബ്യ മരണ നിരക്ക് ഏറെ കുറഞ്ഞ ശരാശരിയിൽ നില നിർത്തുന്നത് എന്നത് പ്രശംസനീയമാണ്.
വിവിധ രീതികളിലുള്ള മികച്ച ചികിത്സാ പ്രോട്ടോക്കോളുകളും വൈറസ് ബാധിതരിലേക്ക് വേഗത്തിൽ എത്തിപ്പെടുന്നതും പരിചരണ രീതിയും മികവുമെല്ലാം രോഗമുക്തരുടെ എണ്ണം കൂടുന്നതിനും മരണ നിരക്ക് കുറയുന്നതിനും കാരണമായിട്ടുണ്ട്.
സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ നിയമ ലംഘകർക്കടക്കം എല്ലാവർക്കും സൗജന്യ ചികിത്സ നൽകാൻ സൗദി ഭരണകൂടം കാണിച്ച ഉദാര മനസ്കതയും രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സ ലഭ്യമാകാൻ കാരണമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa