രോഗിയായ മകൾക്ക് ആശുപത്രിയിൽ പോകാനും മടങ്ങാനും പ്രത്യേക വിമാനമയച്ച് സൗദി ആരോഗ്യ മന്ത്രാലയം; ഈ രാജ്യത്തിന്റെ കരുതലിന് നന്ദി പറഞ്ഞ് പിതാവ്
റിയാദ്: രോഗിയായ മകൾക്ക് ആശുപത്രിയിൽ പോകാനും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനും സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക വിമാനം അയച്ചത് കണ്ട അമ്പരപ്പിൽ നിന്ന് ഇപ്പോഴും ആ പിതാവ് മുക്തനായിട്ടില്ല.
അസീർ പ്രവിശ്യയിൽ നിന്നുള്ള ഇബ്തിഹാൽ എന്ന പെൺകുട്ടിയെ ചികിത്സയുടെ ഭാഗമായി റിയാദിലെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള മാർഗ്ഗം ആരാഞ്ഞ് ഇബ്തിഹാലിൻ്റെ പിതാവ് സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു.
കര മാർഗ്ഗം പെർമിറ്റ് ലഭിച്ചാലും ദീർഘ ദൂര യാത്ര പ്രയാസകരമാകുമെന്നതിനാലും ആഭ്യന്തര വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനാലുമായിരുന്നു ഇബ്തിഹാലിൻ്റെ പിതാവ് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം തേടിയത്.
തുടർന്ന് ആരോഗ്യ മന്ത്രാലയം മകളുടെ ഡാറ്റ ആവശ്യപ്പെടുകയും പിറകെ, കുടുംബ സമേതം റിയാദിൽ എത്തിക്കുന്നതിനായി ഒരു പ്രത്യേക വിമാനം അയക്കുകയും ഇബ്തിഹാലും പിതാവും അബഹ എയർപോർട്ടിൽ നിന്ന് റിയാദിലെ ആശുപത്രിയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കുകയും ചെയ്തു.
എന്നാൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കരുതൽ ഇതോടെ തീർന്നിട്ടില്ലായിരുന്നു. റിയാദിൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ മകളെയും പിതാവിനെയും തിരികെ അബഹയിലേക്ക് എത്തിക്കാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക വിമാനം ഒരുക്കുകയും മകളും പിതാവും അതിൽ മടങ്ങുകയും ചെയ്തു.
റിയാദിൽ എത്താൻ വേണ്ടി പ്രത്യേക വിമാനം അയക്കുകയും ആശുപത്രിയിൽ എത്തി 72 മണിക്കൂറിനകം സ്വദേശത്തേക്ക് മടങ്ങാൻ മറ്റൊരു വിമാനം ഒരുക്കുകയും ചെയ്ത സൗദി ഭരണകൂടത്തിൻ്റെ കരുതലിനു ഇബ്തിഹാലിൻ്റെ പിതാവ് പ്രത്യേകം നന്ദി അറിയിച്ചു.
കഴിഞ്ഞയാഴ്ച മദീനയിൽ നിന്നും റിയാദിലേക്ക് ചികിത്സക്ക് തൻ്റെ മകളെ കൊണ്ട് പോകുന്നതിനായി മാർഗ്ഗം ആരാഞ്ഞ സൗദി വനിതക്കും മകൾക്കും മാത്രമായി ആരോഗ്യ മന്ത്രാലയം പ്രത്യേക വിമാനം അയച്ച് കൊടുത്ത വാർത്തയും ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa