കുവൈറ്റിൽ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്താൻ നീക്കം.
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ധനസമാഹരണത്തിനായി പ്രവാസികൾ പണമയക്കുന്നതിനു നികുതി ചുമത്തണമെന്ന് മുതിർന്ന കുവൈറ്റ് നിയമസഭാംഗം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ മാനവ വിഭവശേഷി സമിതി തലവൻ എംപി ഖലീൽ അൽ സാലിഹ് നിർദ്ദിഷ്ട നികുതി സംബന്ധിച്ച കരട് നിയമം നിയമസഭയിൽ അവതരിപ്പിച്ചു.
പ്രവാസികളുടെ കൈമാറ്റത്തിന് ഫീസ് ചുമത്തുന്നത് രാജ്യത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിലും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾ പ്രതിവർഷം 4.2 ബില്യൺ ദിനാർ കുവൈത്തിൽ നിന്ന് പുറത്തേക്ക് അയക്കുന്നുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ മിക്ക രാജ്യങ്ങളിലും ഒന്നിലധികം ഗൾഫ് രാജ്യങ്ങളിലും ഈ സംവിധാനം പ്രാബല്യത്തിൽ ഉണ്ട്. അവിടങ്ങളിലെ പ്രവാസികൾ ഇതിനെ എതിർത്തിട്ടില്ല, ഈ പണം രാജ്യത്ത് നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നത് അപകടകരമാണെന്നും, ഇത് സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും എം പി അൽ സാലിഹ് പറയുന്നു.
4.2 ബില്യൻ കുവൈറ്റി ദിനാർ കുവൈറ്റിനു പുറത്തേക്ക് ഒഴുകുമ്പോൾ അത് രാജ്യത്തിനു പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. എന്നാൽ പ്രതീകാത്മകമായി ചുമത്തപ്പെടുന്ന ഫീസ് ഞങ്ങളുടെ സഹോദരന്മാരായ വിദേശികളുടെ പണത്തെ ബാധിക്കില്ല. മറിച്ച് രാജ്യത്ത് നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയുടെ 3.3 ദശലക്ഷം വിദേശ തൊഴിലാളികളാണ്. പ്രവാസികൾ ആരോഗ്യ സൗകര്യങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും കോവിഡ് -19 ഭീഷണി വർദ്ധിപ്പിക്കുന്നെന്നും ആരോപിച്ച് നിരവധി കുവൈറ്റികൾ അടുത്തിടെ രംഗത്തെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa