Monday, November 25, 2024
QatarTop Stories

ഖത്തറിൽ തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവം, കമ്പനിക്കെതിരെ സർക്കാർ നടപടി.

ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ ശമ്പളം വൈകുന്നതിനെതിരെ ശക്തമായ നടപടികളുമായി ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം (എ.ഡി.എല്‍.എസ്.എ).

മുശൈരിബില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന്` ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ സമരം നടത്തിയതായി തൊഴില്‍ മന്ത്രാലയം കണ്ടെത്തിയിരുന്നു.

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഇന്നലെ വൈകീട്ടോടെ മുശൈരിബിൽ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാസങ്ങളോളം ഇവർക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്നായിരുന്നു സമരം.

പ്രതിഷേധത്തെ തുടർന്ന് നടത്തിയ അടിയന്തര അന്വേഷണത്തിൽ ശമ്പളം ഉടനടി നല്‍കുന്നത് ഉറപ്പാക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. 

മുശൈരിബിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനിക്കെതിരെ വരും ദിവസങ്ങളില്‍ വേതന സംരക്ഷണ നിയമം (ഡബ്ല്യു.പി.എസ്) അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ആവശ്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ നടപടികള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് പിഴ ചുമത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa