ഗൾഫിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 23 മലയാളികൾ; ഇന്ന് 6 പേർ
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. ഇന്ന് മാത്രം 6 പേരാണ് കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി മരിച്ചത്.
അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില്‍ ആണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്. 82 പേരാണ് ഇവിടെ മരിച്ചത്.
നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി ഖത്തറിൽ മരണപ്പെട്ടു. 69 വയസായിരുന്നു. തിരൂര്‍ പുതിയങ്ങാടി സ്വദേശിയാണ് ഇയാള്‍.
ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടിഞ്ഞാറേതറയിൽ അബ്ദസ്സലാം (44) ആണ് സൗദിയില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആസ്പത്രിയിലാണ് മരണം. സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹം അഞ്ച് വർഷമായി നാട്ടിൽ പോയിരുന്നില്ല.
ഇദ്ദേഹം രോഗ ബാധിതനായി റിയാദിലെ ഏതോ ആസ്പത്രിയിലുണ്ടെന്ന നാട്ടിൽ നിന്നുള്ള വിവരത്തെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ അന്വേഷണത്തിനിടെ ഈ മാസം 17 ന് സുലൈമാൻ ഹബീബ് ആസ്പത്രിയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: ജലാലുദ്ദീൻ, മാതാവ്: റുഖിയ, ഭാര്യ: ഷമ്ന, മക്കൾ: സഹൽ, മുഹമ്മദ് സിനാൻ.
കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് കുവൈത്തില്‍ വെച്ചു മരണപ്പെട്ടു. 62 വയസായിരുന്നു. സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച കാലത്ത് അദാൻ ആശുപ്രതിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ സുപർണ്ണ. മക്കൾ അജേഷ്, സ്വാതി.
അബുദാബിയിൽ 3 മലയാളികളാണ് മരണപ്പെട്ടത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 31 വയസാണ്.
കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ് അബ്ദുൽ റഹ്മാൻ മരണപ്പെട്ടു. 44 വയസായിരുന്നു. രണ്ടാഴ്ച മുൻപ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് റസീൻ ക്യാമ്പിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പത്തനംതിട്ട സ്വദേശി ജയചന്ദ്രനും അബുദബിയിലാണ് മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 51 വയസായിരുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറാണ്.
ഗൾഫിൽ മൂന്ന് ദിവസത്തിനുള്ളിൽ 23 പേരാണ് മരണപ്പെട്ടത്. യുഎഇയിൽ മാത്രം പത്ത് പേർ മരിച്ചു. സൗദിയിൽ ഏഴുപേരും കുവൈറ്റിൽ അഞ്ച് പേരും ഖത്തറിൽ ഒരാളുമാണ് മരിച്ചത്.
മലയാളികൾക്കിടയിൽ വർദ്ധിക്കുന്ന മരണ നിരക്ക് നാട്ടിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നാടണയാനുള്ള പ്രവാസികളുടെ മോഹം പക്ഷെ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തിൽ തർന്നടിയുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa