കുവൈറ്റിൽ വിദേശികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദ്ദേശം; ഇന്ത്യക്കാരുടെ ക്വാട്ട 15%
കുവൈറ്റ് സിറ്റി: ജനസംഖ്യയുടെ ആനുപാതികമായി ഓരോ രാജ്യങ്ങൾക്കും നിശ്ചിത ക്വാട്ട പ്രകാരം മാത്രം വിസ അനുവദിക്കുകയും നിശ്ചിത ശതമാനത്തിനു പുറത്തുള്ളവരെ റിക്ക്രൂട്ട് ചെയ്യുന്നതിൽ നിന്നും തടയണമെന്നും പാർലമെന്റിൽ നിർദ്ദേശം.
കുവൈറ്റ് അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് എംപി ഡോ. ബദർ അൽ മുല്ല പാർലമെന്റിൽ നിർദ്ദേശം സമർപ്പിക്കുകയായിരുന്നു.
പ്രവാസികൾ ആരോഗ്യ സുരക്ഷയില്ലാതെ തിങ്ങിനിറഞ്ഞ് ജീവിക്കുന്ന പ്രദേശങ്ങൾ പകർച്ചവ്യാധി വ്യാപനത്തിനു കാരണമായതായും ഇത് ചില പ്രദേശങ്ങളെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് തള്ളിയിട്ടതായും അദ്ദേഹം പറഞ്ഞു.
മൊത്തം ജനങ്ങളുമായി ബന്ധപ്പെട്ട് വിദേശികൾക്ക് ഓരോ രാജ്യത്തിനും നിശ്ചിത ശതമാനം എന്ന രീതിയിൽ നിയമം കൊണ്ടുവരണമെന്നും എണ്ണം കവിഞ്ഞാൽ ഈ രാജ്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിർദ്ദേശപ്രകാരം, കുവൈറ്റ് പൗരന്മാരുടെ ആകെ എണ്ണത്തിന് ആനുപാതികമായി ഓരോ രാജ്യത്തിനും ക്വാട്ട അനുവദിക്കും. ഇതുപ്രകാരം മൊത്തം കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനമായിരിക്കും ഇന്ത്യക്കാർക്ക് ലഭിക്കുക.
ഫിലിപ്പീൻസ്, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 10 ശതമാനവും ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ജനസംഖ്യയുടെ അഞ്ച് ശതമാനവുമായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അനുവദിക്കുക.
കുവൈറ്റ് എംപി പാർലമെന്റിൽ അവതരിപ്പിച്ച നിർദ്ദേശം മാത്രമാണിതെന്നും പ്രാദേശിക അറബി പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa