Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ മാസ്ക് ധരിക്കാതിരുന്നാലും സാമൂഹിക അകലം പാലിക്കാതിരുന്നാലും 1000 റിയാൽ പിഴ; വ്യക്തികൾക്ക് പുറമെ കടയുടമകളും കൂടി അറിയേണ്ട പ്രധാനപ്പെട്ട 5 തീരുമാനങ്ങൾ ഇവയാണ്

ജിദ്ദ: കൊറോണ പ്രതിരോധ, മുൻകരുതൽനടപടികളുടെ ഭാഗമായി നേരത്തെയുണ്ടായിരുന്ന നിയമ വ്യവസ്ഥയിൽ പുതിയ പരിഷ്ക്കരണങ്ങൾ നടത്തി സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുതിയ തീരുമാനങ്ങൾ മന്ത്രാലയ വൃത്തങ്ങൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട 5 തീരുമാനങ്ങൾ താഴെ വിവരിക്കുന്നു.

1. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും ഫാമുകളിലും മറ്റു സ്ഥലങ്ങളിലും കുടുംബങ്ങളും അല്ലാത്തവരും നടത്തുന്ന അനുശോചനം, പാർട്ടികൾ പോലുള്ള സാമൂഹിക പരിപാടികളിൽ പരമാവധി 50 പേർക്ക് വരെ പങ്കെടുക്കാം.

2 മാസ്ക്ക് ധരിക്കാതിരുന്നാൽ 1000 റിയാൽ പിഴ: മെഡിക്കൽ മാസ്കോ തുണി കൊണ്ടുള്ള മാസ്കോ ധരിക്കണം. അല്ലെങ്കിൽ മൂക്കും വായും ആവരണം ചെയ്യുന്ന എന്തെങ്കിലും ധരിക്കണം.

3.സാമൂഹിക അകലം പാലിക്കാതിരുന്നാലും പിഴ: സാമൂഹിക അകലം പാലിക്കാത്തവരും 1000 റിയാൽ പിഴ നൽകേണ്ടി വരും. സാമൂഹിക അകലം പലിക്കാത്തത് കൊറോണ വൈറസ് വ്യാപനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അധികൃതർ ഓർമ്മപെടുത്തിയിരുന്നു.

4.സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്ന സമയത്ത് താപനില പരിശോധിക്കുന്നതിനു സമ്മതിക്കാതിരുന്നാൽ 1000 റിയാൽ പിഴ. 38 ഡിഗ്രിയിലധികം താപനില ഉള്ളവർ നിർദ്ദേശിക്കപ്പെട്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നാലും 1000 റിയാൽ പിഴ നൽകേണ്ടി വരും.

5.നാളെ മുതൽ വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കുന്നതിനാൽ സ്ഥാപനമുടമകൾക്കും പ്രത്യേക നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമുണ്ട്. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നിടത്ത് ജോലിക്കാരുടെയും കസ്റ്റമേഴ്സിൻ്റെയും താപ നില പരിശോധിക്കാൻ സംവിധാനം ഇല്ലാതിരിക്കുക, മാസ്ക് ധരിക്കാത്തവരെ പ്രവേശിക്കാൻ അനുവദിക്കുക, അണു നശീകരണ സംവിധാനങ്ങളില്ലാതിരിക്കുക, അറബിയയും ബാസ്ക്കറ്റുകളും മറ്റു പ്രതലങ്ങളും അണു നശീകരണം നടത്താതിരിക്കുക, കുട്ടികളുടെ കളിസ്ഥലങ്ങളും ട്രയൽ റൂമുകളും അടക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനമുടമകൾക്ക് 10,000 റിയാൽ പിഴ നൽകേണ്ടി വരും.

നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ നൽകേണ്ടി വരും. ആരോഗ്യ സുരക്ഷയെ മാനിച്ച് കൊണ്ട് നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്