Sunday, April 20, 2025
Saudi ArabiaTop Stories

ആത്മ നിർവൃതിയോടെ മദീനയിലെ പ്രവാചകരുടെ പള്ളിയിൽ വിശ്വാസികൾ വീണ്ടും നമസ്ക്കരിച്ചു

മദീന: ആത്മ നിർവൃതിയോടെ വിശ്വാസികൾ ഇന്ന് (ഞായറാഴ്ച) ഫജ്ർ നമസ്ക്കാരത്തിനു പ്രവാചകരുടെ പള്ളിയായ മസ്ജിദുന്നബവിയിൽ വീണ്ടും ഒരുമിച്ചു. കൊറോണ മുൻ കരുതലിൻ്റെ ഭാഗമായി പള്ളിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം വിലക്കിയതിൻ്റെ ശേഷം ആഴ്ചകൾക്ക് ശേഷം ഇന്ന് വീണ്ടും പ്രവേശനം അനുവദിക്കുകയായിരുന്നു.

പള്ളിയിലെത്തുന്നവരുടെ താപ നില പരിശോധിക്കുന്നു

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ ധാരാളം വിശ്വാസികൾ ഇന്ന് മസ്ജിദുന്നബവിയിൽ ഫജ്ർ നമസ്ക്കാരത്തിനായി എത്തിച്ചേർന്നിരുന്നു. പ്രഥമ ഘട്ടത്തിൽ പള്ളിയിൽ ആകെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ 40 ശതമാനം പേർക്കാണു പവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

പള്ളിയിൽ പ്രവേശിക്കുന്നതിനു മുംബ് ആളുകളുടെ താപ നില പരിശോധിച്ചിരുന്നു. സ്വഫ്ഫുകളിൽ അകലം പാലിച്ച് കൊണ്ടാണു നമസ്ക്കാരം നിർവ്വഹിച്ചത്.

പള്ളി മുറ്റത്തും പള്ളിയിലെ വികസിത ഭാഗങ്ങളിലും കാർപ്പറ്റുകൾ നീക്കം ചെയ്തതിനാൽ മാർബിളിൽ ആയിരുന്നു നമസ്ക്കാരം നിർവ്വഹിച്ചത്. അധികമാളുകളും മുസ്വല്ലകൾ കൈകളിൽ കരുതിയിരുന്നു.

മക്കയിലൊഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും ഇന്ന് ഫജ്ർ നമസ്ക്കാരം മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും പള്ളി പരിപാലന തൊഴിലാളികൾക്കും മാത്രം ജുമുഅ ജമാഅത്ത് നടത്താൻ നേരത്തെയുള്ള അനുമതി ഇപ്പോഴും ഉണ്ട്. മക്കയിലെ മറ്റു പള്ളികളിൽ അടുത്ത ഘട്ടം ഇളവോടെയായിരിക്കും ജുമുഅ ജമാഅത്തുകൾ അനുവദിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്