Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു

ജിദ്ദ: സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം സമീപ ദിനങ്ങളിൽ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളും വിദേശികളും പാലിക്കേണ്ട മുൻ കരുതൽ നടപടികളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.

വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരും ജോലിക്ക് പോകുന്നവരും പ്രായമായവരെ സന്ദർശിക്കുന്നവരും പള്ളികളിൽ പോകുന്നവരും ഷോപ്പിംഗിനു പോകുന്നവരും എല്ലാം ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കൊറോണ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.

കൊറോണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയണമെന്നും 937 ലേക്ക് വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു. അതോടൊപ്പം കൈകൾ കഴുകാതെ കണ്ണുകളും വായും മൂക്കും സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും മാസ്ക്ക് ധരിക്കണമെന്നും ആഹ്വാനത്തിൽ പറയുന്നു.

തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യൂ ഉപയോഗിച്ചോ കൈമുട്ട് മടക്കിയോ വായും മൂക്കും മറച്ച് പിടിക്കണം. ശേഷം കൈകൾ കഴുകണം. മറ്റുള്ളവരിൽ നിന്ന് 2 മീറ്റർ അകലം പാലിക്കണം. ആൾക്കൂട്ടം ചേരുന്നതിൽ നിന്ന് ഒഴിവാകുകയും വേണം.

ഹസ്തദാനം നൽകുന്നത് ഒഴിവാക്കണം. വ്യക്തിപരമായി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർക്ക് കൈമാറരുത്. കൈകൾ ചുരുങ്ങിയത് 40 സെക്കൻ്റെങ്കിലും സോപ്പിട്ട് കഴുകണം അല്ലെങ്കിൽ സനിറ്റൈസർ ഉപയോഗിക്കണം. ആലിംഗനം ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്