Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ പ്രതിരോധ നടപടികൾ ലംഘിച്ച വിദേശികളെ നാടു കടത്തുന്നതെപ്പോഴായിരിക്കുമെന്ന ചോദ്യത്തിനു അധികൃതർ മറുപടി നൽകി; ഒരു ലക്ഷത്തിലധികം പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പുതുതായി 2213 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,01,130 ആയി ഉയർന്നിരിക്കുകയാണ്.

പുതുതായി 3379 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,57,612 ആയി. ഇതിൽ 55,215 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ചികിത്സയിലുള്ള 2027 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 1267 ആയി ഉയർന്നു.

ഒരാഴ്ചക്കുള്ളിൽ സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 9 ശതമാനം ഉയർന്നിട്ടുണ്ട്. കൊറോണ ബാധിച്ച ഒരാൾ മുൻകരുതലുകൾ എടുക്കാതിരുന്നതിനാൽ ഒരു കുടുംബ സംഗമത്തിൽ വെച്ച് നാലു കുടുംബങ്ങളിലെ 21 പേർക്ക് ഒന്നിച്ച് കൊറോണ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതിൽ രണ്ടു പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അതേ സമയം കൊറോണ പ്രതിരോധ നടപടികൾ ലംഘിച്ച വിദേശികളെ എന്ന് മുതലാണു നാടു കടത്തുകയെന്ന ചോദ്യത്തിനു സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാവിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽഹൂബ് മറുപടി നൽകി.

കൊറോണ പ്രതിരോധ നടപടികൾ ലംഘിച്ചതിനുള്ള മറ്റു പ്രാഥമിക ശിക്ഷാ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും വിദേശികളെ നാടു കടത്തുക. തടവുശിക്ഷ നൽകേണ്ടവർക്ക് കൊറോണ വ്യാപനം അവസാനിച്ച ശേഷമായിരിക്കും തടവ്ശിക്ഷ നടപ്പാക്കുകയെന്നും ത്വലാൽ അൽ ശൽഹൂബ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്