ജാഗ്രത വെടിയാതിരിക്കുക; സൗദിയിൽ കൊറോണ ബാധിതരുടെ ഗ്രാഫ് ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം; ജിദ്ദയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്
ജിദ്ദ: സമീപ ദിനങ്ങളിൽ വിവിധ നഗരങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്തെ മൊത്തം പ്രവിശ്യകളിലെയും കണക്കുകൾ പ്രകാരം വൈറസ് ബാധിതരുടെ ഗ്രാഫ് ഉയർന്നിട്ടുണ്ടെന്നും ആളുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.
അതേ സമയം ജിദ്ദയിൽ പുതുതായി രേഖപ്പെടുത്തിയ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. 121 പേർക്കാണു ജിദ്ദയിൽ പുതുതായി വൈറസ് ബാധിച്ചിട്ടുള്ളത്. 487 രോഗികളുള്ള ഹുഫൂഫിലാണു സൗദിയിൽ പുതുതായി ഏറ്റവും കൂടുതൽ രോഗികളുള്ളത്.
റിയാദിലെ കൊറോണ ബാധിതരുടെ എണ്ണം ജനങ്ങളുടെ ആരോഗ്യ പെരുമാറ്റ രീതികളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു. 389 പേർക്കാണു റിയാദിൽ പുതുതായി കൊറോണ ബാധിച്ചിട്ടുള്ളത്.
കൊറോണ ബാധിച്ച ചിലരിൽ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ അവരറിയാതെ വൈറസ് മറ്റുള്ളവരിലേക്ക് പകരുമെന്നതിനു ഒരു ഉദാഹരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ചൂണ്ടിക്കാണിച്ചു. ആരോഗ്യ മുൻകരുതലുകൾ പാലിക്കാതെ നിരന്തരമായി തൻ്റെ സുഹൃത്തുക്കളെ സന്ദർശിച്ചിരുന്ന ഒരു യുവാവിൽ നിന്നും തൻ്റെ ഭാര്യക്കും കുട്ടിക്കും വൈറസ് പകർന്ന അനുഭവമാണു അദ്ദേഹം വെളിപ്പെടുത്തിയത്. അതേ സമയം വൈറസ് കുടുംബത്തിൽ എത്തിച്ച യുവാവിനു കൊറോണയുടെ ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നതാണു വസ്തുത. അത് കൊണ്ട് തന്നെ ഏത് സന്ദർഭത്തിലും മുൻകരുതലുകൾ എല്ലാവരും പാലിച്ചിരിക്കണമെന്നത് ഈ സംഭവം എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.
സൗദിയിൽ 3989 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 2627 പേർക്ക് രോഗമുക്തി ലഭിച്ചു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 1,82,493 വൈറസ് ബാധിതരിൽ 1,24,755 പേർക്ക് ഇതിനകം രോഗമുക്തി ലഭിച്ചു. 40 പേർ കൂടി മരിച്ചതോടെ ആകെ കൊറോണ മരണം 1551 ആയി. 56,187 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2277 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa